‘വിഎസിൻ്റെ വിയോഗത്തിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടും ജോലിക്കിറക്കി’; നടപടി ആവശ്യപ്പെട്ട് സിഐടിയു..
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച ദിവസം തൊഴിലാളികളെ ജോലിക്കിറക്കിയെന്ന് പരാതി. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത്.
പത്തനംതിട്ട ജില്ലയിൽ വനം വികസന കോർപ്പറേഷന്റെ ഗവി ഡിവിഷനിൽ അവധി നൽകാതെ തൊഴിലാളികളെ ജോലിക്കിറക്കി എന്നാണ് ആരോപണം. ഇവരെ ജോലിക്കിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
വിഎസിൻ്റെ വിയോഗത്തെ തുടര്‍ന്ന് ജൂലൈ 22 നാണ് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് പ്രകാരമുള്ള പൊതു അവധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ബാങ്കുകളും അന്നേ ദിവസം അടഞ്ഞുകിടന്നിരുന്നു. ഇതിനിടെയാണ് വനം വികസന കോര്‍പറേഷനിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതെന്നാണ് സിഐടിയുവിൻ്റെ ആരോപണം.


