പ്രായത്തിന്റെ പേരിൽ ഒഴിവാക്കപ്പെട്ടവർക്ക് പാർട്ടിയിൽ പരിഗണന..വി എസ് പ്രത്യേക ക്ഷണിതാവ്..

പ്രായത്തിന്റെ പേരിൽ ഒഴിവാക്കപ്പെട്ടവർക്ക് പാർട്ടിയിൽ പരിഗണന നൽകി സിപിഐഎം. വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കി. സംസ്ഥാന സമിതിയിലാണ് തീരുമാനമായത്. വിഎസിനെ ക്ഷണിതാവാക്കി ഉൾപ്പെടുത്താത്തത് സംസ്ഥാന സമ്മേളനത്തിൽ വിവാദമായിരുന്നു. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വൻ, എ കെ ബാലൻ, എം എം മണി, കെ ജെ തോമസ്, പി കരുണാകരൻ, ആനാവൂർ നാഗപ്പൻ എന്നിവരും പ്രത്യേക ക്ഷണിതാക്കളാവും.

അതേസമയം, മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലനെതിരെ പരോക്ഷ വിമർശനവുമായി മുൻ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ പി ഉണ്ണി രംഗത്തെത്തി. പാർട്ടി ചുമതലയിൽ നിന്നൊരാൾ ഒഴിവായാൽ ‘കുടിയിറക്ക’ മാണ് എന്ന് തോന്നുന്നത് കമ്മ്യൂണിസം രക്തത്തിൽ ഇപ്പോഴും അലിഞ്ഞു ചേരാത്തവർക്കാണെന്നാണ് വിമർശനം. നേരത്തെ പ്രായപരിധി നിബന്ധന കാരണം പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവായപ്പോൾ, എകെജി ഫ്‌ളാറ്റിൽ നിന്ന് കുടിയിറങ്ങേണ്ടി വരുമെന്ന് എ കെ ബാലൻ പറഞ്ഞിരുന്നു. ഈ കുടിയിറക്കം എന്ന വാക്കിനെ മുൻനിർത്തിയായിരുന്നു പി ഉണ്ണിയുടെ രൂക്ഷവിമർശനം.

പാർട്ടി ചുമതലകളെക്കാൾ കൂടുതൽ കാലം പാർലമെന്ററി സ്ഥാനങ്ങൾ വഹിച്ചവർക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട് എന്ന് എകെജി വെറുതെ പറഞ്ഞു വെച്ചതല്ല. സൗകര്യങ്ങൾ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം ഇത്തരക്കാർക്ക് സംഭവിക്കും എന്ന് മുൻകൂട്ടി കണ്ടിട്ട് തന്നെയാണ്. എല്ലാറ്റിലും വലിയ ത്യാഗം രക്തസാക്ഷിത്വം തന്നെയാണ്. അതാണല്ലോ കമ്മ്യൂണിസ്റ്റ് കാർ എപ്പോഴും ആദ്യം രക്തസാക്ഷികൾ സിന്ദാബാദ് എന്ന് വിളിക്കുന്നത്. വ്യക്തിപരമായ നിരാശകളിൽ പോലും കമ്മ്യൂണിസ്റ്റ്കാർ രക്ത സാക്ഷികളെയാണ് ഓർക്കുകയെന്നും പി ഉണ്ണി കുറിച്ചു.



