സ്വർണക്കൊലുസ് അണിയാനുള്ള മോഹം അച്ഛനെ അറിയിച്ചു..അച്ഛൻ അന്ന് പറഞ്ഞത് ഇത്രമാത്രം..
വിഎസിന്റെ മരണം മലയാളികൾക്കൊന്നാകെ തീരാനോവാണ്. രാഷ്ട്രീയത്തിലായാലും കുടുംബ ജീവിതത്തിലായാലും ചില കാര്യങ്ങളിൽ വിഎസ് എന്ന മനുഷ്യൻ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. അച്യുതാനന്ദനെന്ന അച്ഛനൊപ്പമുള്ള ചില ഓർമകൾ മകൾ ഡോ. വി വി ആശ ഒരിക്കൽ സ്വകാര്യ മാധ്യമത്തോട് പറയുകയുണ്ടായി.
അശയുടെ വാക്കുകൾ
1991ൽ തന്റെ ഗവേഷണകാലത്ത് ആറുമാസത്തെ സ്റ്റൈപ്പന്റ് തുക ഒരുമിച്ച് കിട്ടി. ആ പണം കൊടുത്ത് സ്വർണ്ണക്കൊലുസ് വാങ്ങി അണിയണമെന്ന് വല്ലാത്ത മോഹം. ആഗ്രഹം പറഞ്ഞപ്പോൾ കിട്ടിയ മറുപടിയായിരുന്നു, ”നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണ്. അത് ഓർത്തുകൊണ്ട് കൊലുസ് വാങ്ങിക്കുകയോ ഇടുകയോ ചെയ്യാം.’ എന്നായിരുന്നു ആ അച്ഛൻ മകൾക്ക് നൽകിയ മറുപടി. അതോടെ ആ ആഗ്രഹം മാറ്റിവച്ചു. പിന്നീട് കല്യാണത്തിനാണ് കൊലുസ് വാങ്ങിയത്.
”ഏഴുവയസുകാരിയായ ഞാൻ വല്ലാതെ ഭയന്നു. അച്ഛനെ അറസ്റ്റ് ചെയ്യാൻ വന്നതാണ്. അമ്മയ്ക്കും എനിക്കും അനിയനും (അരുൺകുമാർ) കവിളിൽ ഉമ്മ തന്ന് ആശ്വസിപ്പിച്ചശേഷമാണ് അന്ന് പൊലീസിനൊപ്പം പോയത്. ദിവസങ്ങൾക്കുശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ അച്ഛനെ കാണാനെത്തിയപ്പോൾ കൈയിൽ കരുതിയ ഓറഞ്ച് നൽകി. സ്‌നേഹത്തോടെ അതു വാങ്ങിയതും തിരികെ തന്നതും ഇപ്പോഴും കൺമുന്നിലുണ്ട്.”
തിരുവനന്തപുരത്ത് എംഎസ്സിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ പൊന്മുടി കാണാൻ പോയ രസകരമായ അനുഭവവും ആശ ഓർക്കുന്നു. ”പൊന്മുടി കാണണമെന്ന മോഹം അറിയിച്ചപ്പോൾ ഒരു അംബാസഡർ കാറിൽ അച്ഛൻ ഞങ്ങളെയും കൂട്ടി പൊന്മുടിയുടെ താഴ്‌വാരത്തെത്തി. ഇതാണ് പൊന്മുടി, 10 മിനിട്ടിനുള്ളിൽ കണ്ടുവരണം. ഇത്രയും പറഞ്ഞ് പാർട്ടി പ്രവർത്തകർക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻപോയി.”
കമലഹാസൻ നായകനായ സാഗരസംഗമം സിനിമ തിയേറ്റർ നിറഞ്ഞോടുന്ന കാലം. നാടകം മാത്രം ഇഷ്ടപ്പെട്ടിരുന്ന അച്ഛന് സിനിമയിൽ വലിയ താത്പര്യമില്ല. എങ്കിലും നിർബന്ധത്തിനു വഴങ്ങി വന്നു. ഞാനും അമ്മയും ആസ്വദിച്ച് സിനിമ കാണുന്നതിനിടയിൽ അച്ഛനെ നോക്കുമ്പോൾ നല്ല ഉറക്കത്തിൽ. പാർട്ടി യോഗങ്ങളിൽ പങ്കെടുത്തുവന്ന ക്ഷീണത്തിലായിരുന്നു അച്ഛൻ. ഏറെ കരുതലോടെയാണ് അന്നും ഇന്നും അച്ഛനെ ഞങ്ങൾ പരിപാലിച്ചത്. പരമാവധി സ്‌നേഹത്തോടെ.” ആശ പറഞ്ഞു.