അധികമാരും അറിയാത്ത രഹസ്യം..വിഎസ് അഭിനയിച്ച മലയാള സിനിമ
സമരഗാഥകളുടെ തോഴനായ വി.എസ് അച്യുതാനന്ദൻ ജീവിതത്തിൽ വിപ്ലവ നായകനായിരുന്നു. പല രാഷ്ട്രീയക്കാരും സിനിമയിൽ മുഖം കാണിക്കുമ്പോഴും വിഎസിനു അതിൽ താല്പര്യമുണ്ടായിരുന്നില്ല. സിനിമയിലേക്ക് ചുവടുവെക്കാൻ പല അവസരങ്ങളും വന്നെങ്കിലും തന്റെ കർമ്മ മേഖലയിൽ മാത്രം ഒതുങ്ങാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ, ഒരിക്കൽ ഒരു മലയാള സിനിമയിൽ വി.എസ് അഭിനയിച്ചു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അത്. അധികമാർക്കും അറിയാത്ത രഹസ്യമാണിത്. കൂത്തുപറമ്പിലെ ദൃശ്യ ആർട്സ് നിർമിച്ച ‘ക്യാമ്പസ് ഡയറി’ എന്ന മലയാള സിനിമയിലാണ് വിഎസ് മുഖം കാണിച്ചത്.
ഈ സിനിമയിൽ ചെറിയ ഒരു സീനിലെങ്കിലും വിഎസിനെ അഭിനയിപ്പിക്കാൻ അണിയറക്കാർ ഏറെ പാടുപെടേണ്ടി വന്നു. വിഎസ് സമ്മതിച്ചത് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തി ഒന്ന് കൊണ്ട് മാത്രമായിരുന്നു.നീതിക്കുവേണ്ടി പോരാടിയ സമരനായകനായ അദ്ദേഹത്തിന് സിനിമയിൽ ലഭിച്ചതും സമര നേതാവിന്റെ വേഷമായിരുന്നു. കൂത്തുപറമ്പിലെ ജലചൂഷണത്തിനെതിരായ പോരാട്ടത്തെ പിന്തുണച്ച് എത്തിയ അദ്ദേഹം, വിഎസ് അച്യുതാനന്ദനായി തന്നെയാണ് സിനിമയിൽ വേഷമിട്ടത്.
ഇതിനു രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്റെ 91-ാം വയസ്സിലാണ് വി.എസ്. ആദ്യമായി ഒരു ചിത്രത്തില്‍ ചെറുതായൊന്നു മുഖം കാണിച്ചത്. ‘അറ്റ് വണ്‍സ്’ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് വി.എസ്. എത്തിയത്. ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതായിരുന്നു രംഗം. സയ്യിദ് ഉസ്മാന്‍ ആണ് ചിത്രം സംവിധാനംചെയ്തത്. 2014-ലാണ് ചിത്രം പുറത്തിറങ്ങിയത്.