വോട്ടെടുപ്പ് മന്ദഗതിയിൽ…. നഗരത്തിലെ ബൂത്തുകളിൽ….
ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം പാലക്കാട് വിധിയെഴുതുമ്പോൾ വോട്ടെടുപ്പ് മന്ദഗതിയിൽ. ഉച്ച 12 മണി വരെ 27.52 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-27.12 ശതമാനം, പിരായിരി-26.99 ശതമാനം, മാത്തൂർ-27.08 ശതമാനം, കണ്ണാടി -27.50 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും പുതിയ പോളിങ് ശതമാനം.ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിൽ പോളിങ് ഉയരുമ്പോൾ നഗരങ്ങളിൽ താരതമ്യേന കുറവാണ്. പോളിങ് ആരംഭിച്ചത് മുതൽ ഗ്രാമങ്ങളിലെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്.
അതിനിടെ, പിരായിരി ജി.എൽ.പി സ്കൂളിൽ രണ്ട് തവണ വോട്ടിങ് മെഷീൻ തകരാറിലായി. പരാതി ഉയർന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഒബ്സർവർ ബൂത്തിലെത്തി പരിശോധന നടത്തി. വോട്ടിങ് മന്ദഗതിയിലായതിനാൽ അധികമായി ഒരു ഓഫീസറെ കൂടി നിയോഗിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ഒബ്സർവറോട് ആവശ്യപ്പെട്ടു. മെഷീൻ തകരാറിലായതിനെ തുടർന്ന് വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്.