പാലക്കാട് 3.32% വോട്ടിന്റെ കുറവ്…നഗരസഭയിലും പഞ്ചായത്തുകളിലുമടക്കം വോട്ടിടിഞ്ഞു…
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ചതോടെ കണക്കുകൂട്ടലുകളിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. 70.51 ശതമാനം പോളിങാണ് ഇത്തവണ നടന്നത്. ഇതില്‍ ചെറിയ ശതമാനം മാറ്റം വരും അവസാന കണക്കുകളില്‍. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങാണ് നടന്നത്. ആ കണക്കിനെ വെച്ച് നോക്കുമ്പോള്‍ മൂന്ന് ശതമാനത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
പാലക്കാട് നഗരസഭയില്‍ 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനം പോളിങ് കുറവാണ്. 70.90 ശതമാനം വോട്ടാണ് ഇക്കുറി നടന്നത്. 2021ല്‍ ഇത് 75.24 ശതമാനമായിരുന്നു.
പിരായിരി പഞ്ചായത്തില്‍ 70.55 ശതമാനം പോളിങാണ് നടന്നത്. 2021ല്‍ ഇത് 75.10 ശതമാനമായിരുന്നു. മാത്തൂര്‍ പഞ്ചായത്തില്‍ 70.49 ശതമാനം പോളിങാണ് നടന്നത്. 2021ല്‍ ഇത് 73.82 ശതമാനമായിരുന്നു.
കണ്ണാടി പഞ്ചായത്തില്‍ എട്ട് ശതമാനം പോളിങ് കുറവാണുണ്ടായത്. 70.56 ശതമാനം പോളിങാണ് ഇക്കുറി നടന്നത്. 2021ല്‍ ഇത് 78.45 ആയിരുന്നു.
മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിര്‍ത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കള്‍ പാലക്കാടിനായി പ്രവര്‍ത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെന്‍സ് വരവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.