തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്ന് പരാതി..
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. ഡീലിമിറ്റേഷൻ പ്രക്രിയ പുരോഗമിക്കുന്നുവെന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. വെബ്സൈറ്റിന്റെ സാങ്കേതിക പ്രശ്നമാണെന്നും രണ്ട് ദിവസത്തിനുള്ളിൽ ശരിയാകുമെന്നുമാണ് വിശദീകരണം. കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ – ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. വോട്ടർ പട്ടിക ഒരുവട്ടം കൂടി പുതുക്കുമെന്നും ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏൽക്കണമെന്നുമായിരുന്നു നിർദേശം.
എസ്എആർ വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷംതീയതികൾ നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭയർഥിച്ചിട്ടുണ്ടെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ വ്യക്തമാക്കിയിരുന്നു.