കേരളത്തിൽ ആദ്യമായി 25 വനിതകൾ എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാരാകുന്നു… ‘വോൾവോ ഉരുക്കുവനിത’ പദ്ധതിക്ക് തുടക്കം..

കേരളത്തിൽ ആദ്യമായി 25 വനിതകൾ എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാരാകാൻ ഒരുങ്ങുന്നു. വനിതാ ശാക്തീകരണത്തിനും തൊഴിൽ നൈപുണ്യ വികസനത്തിനുമുള്ള സംയുക്ത പദ്ധതിയായ ‘വോൾവോ ഉരുക്കുവനിത’ക്ക് ചവറയിലാണ് തുടക്കമായത്. നിർമ്മാണമേഖലയിലെ സ്ത്രീകളുടെ സാന്നിധ്യത്തിന് ഈ പദ്ധതി വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
70 ദിവസത്തേക്ക് നീളുന്ന പരിശീലന പരിപാടിയിൽ സിമുലേറ്റർ അധിഷ്ഠിത പരിശീലനം, യന്ത്രപ്രയോഗം, തൊഴിൽസ്ഥല പരിചയം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നൈപുണിവികസന കോർപ്പറേഷന്റെ കീഴിലുള്ള ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്‌കിൽ കൗൺസിൽ അംഗീകരിക്കുന്ന എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ-4 സർട്ടിഫിക്കറ്റ് ലഭിക്കും. ഒരാൾക്ക് 33,000 രൂപയാണ് കോഴ്സിന്റെ ചെലവ്. ഇത് സംസ്ഥാനത്ത് സ്ത്രീകൾ നിർമ്മാണമേഖലയിലേക്കുള്ള പ്രവേശനത്തിന്റെ ചരിത്രപരമായ തുടക്കമാണെന്ന് ഐഐഐസി ഡയറക്ടർ പ്രൊഫ്. ബി. സുനിൽകുമാറും ഡെപ്യൂട്ടി ഡയറക്ടർ കെ. രാഘവനും പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന തൊഴിൽവകുപ്പിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC), വോൾവോ ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് , ചവറ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതി നവംബർ 3ന് രാവിലെ 11ന് എംഎൽഎ ഡോ. സുജിത് വിജയൻപിള്ള ഉദ്ഘാടനം ചെയ്യും. പരിശീലനം പൂർത്തിയാക്കുന്ന വനിതകൾ സ്വയംസഹായ സംഘമായി രൂപംകൊണ്ട് സ്വന്തം യന്ത്രങ്ങൾ വാങ്ങി സംരംഭകരായി രംഗത്തിറങ്ങും.



