ആശ നൽകി നിരാശരാക്കി… ഓണറേറിയം നൽകുന്നതിൽ സർക്കാർ കൊണ്ടുവന്ന ഉപാധികൾ കടുത്ത വഞ്ചനയാണെന്ന് വികെ സദാനന്ദൻ…
ആശമാർക്ക് ഓണറേറിയം നൽകുന്നതിൽ കൊണ്ടുവന്ന മാനദണ്ഡം പിൻവലിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണെന്നും സർക്കാർ വാഗ്‌ദാനം ലംഘിച്ചെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ. ഓണറേറിയം നൽകുന്നതിൽ സർക്കാർ കൊണ്ടുവന്ന ഉപാധികൾ കടുത്ത വഞ്ചനയാണെന്ന് സദാനന്ദൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പലയിടത്തും ഓണറേറിയം വെട്ടിച്ചുരുക്കി. വേരിയബിൾ ഇൻസെന്റീവ് 500 രൂപയിൽ താഴെ പോയവർക്ക് പ്രതിമാസം കിട്ടുന്നത് 3500 രൂപ മാത്രമാണ്.
ആശ സമരക്കാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് സർക്കാറിന്റെ നീക്കം. അഞ്ചാം തീയതിക്കുള്ളിൽ ഓണറേറിയം നൽകുമെന്ന വാഗ്ദാനവും പാലിച്ചില്ല. ആരോഗ്യ വകുപ്പിന്റെ നിലപാടിനെതിരെ സമരം ശക്തമാക്കും. സമരം ചെയ്തതിന്റെ പേരിൽ പലരുടെയും ഓണറേറിയം തടഞ്ഞുവെക്കുന്നു. ആശ സമര യാത്രയുടെ സമാപനം 18 ലേക്ക് മാറ്റി. ഒരുദിവസം കൂടി തിരുവനന്തപുരം ജില്ലയിൽ സമരം തുടരും. ഒരു ഭരണാധികാരിയും കാണിക്കേണ്ടതല്ല പിണറായി വിജയൻ കാണിക്കുന്നത്. തെരുവിൽ കിടന്നാണ് ആശമാർ സമര യാത്ര നടത്തുന്നത്. എന്നിട്ടും പരിഹരിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ല. ആശ സമരം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇടതു സ്ഥാനാർത്ഥി സ്വരാജ് ഈ സമരത്തിനെതിരെ സംസാരിച്ച ആളാണ്. ഒരു സർക്കാരും ഒരു സമരത്തോടും ഇത്ര ജനാധിപത്യവിരുദ്ധ നിലപാട് കാണിച്ച ചരിത്രമില്ലെന്നും സദാനന്ദൻ കുറ്റപ്പെടുത്തി.