‘പ്രതിപക്ഷ നേതാവിനും വേദിയിൽ ഇരിപ്പിടം.. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ നേതാവിന് അസഹിഷ്ണുത’ …

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിൽനിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പ്രധാനമന്ത്രിയുടെ ഓഫീസാണ് ആരൊക്കെയാണ് വേദിയിൽ പ്രസംഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതെന്നും ഗവർണർക്ക് പോലും പ്രസംഗിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്‍റേത് വാർത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി വിഎൻ വാസവൻ പറയുന്നു.പ്രതിപക്ഷ നേതാവിന്‍റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് അടക്കം കാണിച്ചുകൊണ്ടായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ലിസ്റ്റിൽ പ്രതിപക്ഷ നേതാവിന്‍റെ പേര് ഒമ്പതാമതായി ഉണ്ട്. വേദിയിലിരിക്കാനുള്ള പട്ടികയിൽ തന്നെ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയത്. പ്രതിപക്ഷ നേതാവിനും വേദിയിൽ ഇരിപ്പിടമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ വിവരം ലഭിച്ചശേഷമെ പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി ക്ഷണിക്കാൻ കഴിയുമായിരുന്നുള്ളു.അതിനുമുമ്പായി ചടങ്ങിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്‍റെ പേരടക്കം ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയത്. മൂന്നുപേര്‍ക്ക് മാത്രമാണ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കാൻ അവസരമുള്ളത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പിന്നെ സ്വാഗതം തനിക്കും മാത്രമാണ് പ്രസംഗിക്കാൻ അവസരമുള്ളത്. ഗവര്‍ണര്‍ക്ക് പോലും സംസാരിക്കാൻ അവസരമില്ല. ഇതാണ് പരിപാടിയുടെ പ്രോട്ടോക്കോളെന്നും പ്രതിപക്ഷ നേതാവിന്‍റേത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വിഎൻ വാസവൻ പറഞ്ഞു.

Related Articles

Back to top button