‘വ്ലോഗർ ഓഫ് ദി ഇയർ’.. പരോൾ കഴിഞ്ഞ് ജയിലിലേക്ക്.. അച്ഛന്‍റെ മടക്കം ചിത്രീകരിച്ച് മകന്‍…
മയക്കുമരുന്ന് കേസില്‍ ജയിലിലായി ഒരു മാസത്തെ പരോളിൽ പുറത്തിറങ്ങിയ അച്ഛന്‍ പരോളിന്‍റെ അവസാന ദിവസം ജയിലിലേക്ക് തിരികെ പോകുന്ന ദൃശ്യങ്ങൾ പകര്‍ത്തിയ മകന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരി വസ്തുക്കൾ തുടങ്ങിയ ലഹരി വസ്തുക്കളുടെ വില്പനയുമായി ബന്ധപ്പെട്ട് എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എട്ട് മാസമായി ജയിലില്‍ കഴിയുന്ന അച്ഛന്‍ പരോൾ കിട്ടി ഒരുമാസത്തോളം പുറത്തായിരുന്നു. പരോൾ തീർന്ന് അവസാന ദിവസം ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജയിലേക്ക് പോകുന്ന അച്ഛന്‍റെ വീഡിയോ ചിത്രീകരിച്ച് മകന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
തന്‍റെ അച്ഛന്‍റെ അവസാന പരോൾ ദിവസമാണിതെന്നും വൈകുന്നേരം 5 മണിക്ക് അദ്ദേഹത്തെ ജയിലിൽ കൊണ്ട് വിട്ടെന്നും ലോകേഷ് ചൗധരി വീഡിയോയിൽ വിശദീകരിച്ചു. ഒരു മിനിറ്റ് വൈകി എത്തിയാൽ പോലും ജയിൽ അധികാരികൾ അത് അച്ഛന്‍റെ വീഴ്ചയായി കണക്കാക്കുമെന്നും അത് പിന്നീട് എൻഡിപിഎസ് കേസ് സങ്കീർണ്ണമാക്കുമെന്നും വിശദീകരിച്ച ചൗധരി അങ്ങനെയൊന്ന് സംഭവിച്ചാല്‍ അത് ജാമ്യത്തെ പോലും ബാധിക്കുമെന്നും വിശദീകരിക്കുന്നു. വൈകുന്നേരം 4 മണിയോടെ വീട്ടില്‍ നിന്നും ജയിലിലേക്ക് പോകുന്നതിന് മുമ്പ് കുടുംബാംഗങ്ങളോടും പരിചയക്കാരോടുമൊപ്പം ചൗധരിയുടെ അച്ഛന്‍ സമയം ചെലവഴിക്കുന്നതിന്‍റെ ദൃശ്യങ്ങളും ഒടുവില്‍ അദ്ദേഹം സ്വയം ഡ്രൈവ് ചെയ്ത് ജയിലിലേക്ക് പോകുന്നതും അവിടെയെത്തി രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളുമെല്ലാം ചൗധരി തന്‍റെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു. ഒടുവില്‍ അച്ഛന്‍ ജയിലേക്ക് കയറിപ്പോകുന്നത് വരെയുള്ള ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.