ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന…അന്വേഷിക്കാൻ ഡിഐജി കാക്കനാട് ജില്ലാ ജയിലിൽ…
കൊച്ചി : ലൈംഗിക അധിക്ഷേപക്കേസിൽ റിമാൻഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം തുടങ്ങി. ജയിൽ ആസ്ഥാനത്തെ ഡിഐജി കാക്കനാട് ജില്ലാ ജയിലിൽ നേരിട്ടെത്തി. ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ പഴുതടച്ച കുറ്റപത്രം എത്രയും വേഗത്തിൽ നൽകാനുള്ള നീക്കത്തിലാണ് പൊലീസ്.
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തിര അന്വേഷണത്തിന് ജയിൽ വകുപ്പ് തുടക്കം കുറിച്ചത്. ജയിൽ ഡിജിപിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാർ രാവിലെ പത്തരയടെ കാക്കനാട് ജില്ലാ ജയിലിൽ എത്തി. ജയിൽ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. മധ്യ മേഖല ഡിഐജി അജയ് കുമാർ ബോബി ചെമ്മണൂരിനെ ജയിലിൽ നേരിട്ട് എത്തി കണ്ടെന്നും കൂടെ ബോബി ചെമ്മണ്ണൂരിന്റെ സഹായികളായ മൂന്ന് പേർ ഉണ്ടായിരുന്നുവെന്നുമാണ് ആരോപണം. മൂന്ന് പേരുമായി ജയിലിനകത്ത് ബോബി ചെമ്മണ്ണൂരിന് മുഖാമുഖം സംസാരിക്കാൻ അവസരമൊരുക്കി. ജയിലിൽ നിന്ന് ഫോൺ വിളിക്കാൻ 200 രൂപ കയിൽ കൊടുത്തു. തുടങ്ങിയ ആരോപണങ്ങളുമുണ്ട്. ഇതിലെല്ലാമാണ് വിശദമായ അന്വേഷണം.