കന്യാസ്ത്രീകളുടെ അറസ്റ്റ്.. രാജ്യവ്യാപക പ്രതിഷേധം.. മിഷണറി പ്രവർത്തകർക്ക് നേരെയുളള അക്രമം നിത്യസംഭവം….

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. വിഷയം ഉന്നയിച്ച് ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എം പി മാര്‍ പ്രതിഷേധിക്കും. പ്രതിപക്ഷം വിഷയം പാര്‍ലമെന്റിലും ഉന്നയിക്കും. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ നേരിട്ട് ഇടപെടണമെന്നും, സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു.അതേസമയം കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകും. ഛത്തീസ്ഗഡ് സ്വദേശികളായ യുവതികളെ ജോലിക്കായി കൊണ്ടുപോയതാണെന്നും മതപരിവർത്തനം നടത്തിയിട്ടില്ലെന്നും കന്യാസ്ത്രീകൾ കോടതിയെ അറിയിക്കും. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആർപിഎഫ് ഇന്നും ചോദ്യം ചെയ്യും.

കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാൽ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിർണ്ണായകമാണ്. ഇതിനിടെ കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി മൊഴി മാറ്റിയതായി വിവരമുണ്ട്. മറ്റൊരു കുട്ടി കൂടി മൊഴിമാറ്റിയാൽ കന്യാസ്ത്രീകളുടെ മോചനം വൈകും.

അതേസമയം ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിൻ്റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നത്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിൽ ആണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദം കാരണം എന്നും ആരോപണമുണ്ട്. ജ്യോതി ശർമ മലയാളി കന്യാസ്ത്രീകളെ പോലീസിന് മുന്നിൽ ചോദ്യം ചെയ്യുന്നതും അടിക്കാനോങ്ങുന്നതിൻ്റെയും ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ജ്യോതി ശർമയുടെ നേതൃത്വത്തിൽ ആണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് എന്ന് കന്യാസ്ത്രീകളുടെ സഹപ്രവർത്തക ഇന്നലെ പറഞ്ഞിരുന്നു.

Related Articles

Back to top button