രക്തസാക്ഷി ഫണ്ട് വിവാദ ആരോപണം ഉന്നയിച്ച വിനോദ് കോൺഗ്രസിലേക്ക്….

തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് വിവാദ ആരോപണം ഉന്നയിച്ച വിനോദ് കോൺഗ്രസിലേക്ക്. രക്തസാക്ഷി വിഷ്ണുവിൻ്റെ സഹോദരനും , സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ്. വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചിരുന്നു. വിനോദും,  സുഹൃത്തുക്കളും ഇന്ന് കെപിസിസി പ്രസിഡൻ്റിൽ നിന്നും അംഗത്വം സ്വീകരിക്കും. ഫണ്ട് തിരിമറിയിൽ നടപടി നേരിട്ട മുൻ ലോക്കൽ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധവുമായി വിനോദ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. രക്തസാക്ഷി കുടുംബത്തോട് പാർട്ടി നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്ന് ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗം കൂടിയായ വിനോദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്  പറഞ്ഞിരുന്നു. മന്ത്രി വി ശിവൻകുട്ടി ഇടപെട്ടാണ് നടപടി നേരിട്ട നേതാവിന് പുതിയ പദവി നൽകിയതെന്നാണ് ആക്ഷേപം.

സിപിഎമ്മിന്റെ വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കിൽ 2008 ഏപ്രിൽ ഒന്നിനാണ് കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ 2022ൽ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഫണ്ടിൽ തിരിമറി നടത്തി നടപടി നേരിട്ട നേതാവിന് വീണ്ടും പദവികൾ നൽകിയതിലാണ് പാർട്ടി അംഗം കൂടിയായ സഹോദരൻ എതിർപ്പ് പരസ്യമാക്കി രം​ഗത്തെത്തിയത്.

Related Articles

Back to top button