അടച്ചിട്ടിരുന്ന സ്‌കൂളിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നു, കവർന്നത് ബ്ലൂടൂത്ത് സ്പീക്കറുകളും, ചാർജറും പ്ലാസ്റ്റിക് കസേരയും, പോകും മുൻപ് ചോക്ക് കൊണ്ട് ചുവരിൽ…

അവധി ദിവസം സ്കൂളിലെത്തി മോഷണം നടത്തി ചുവരിൽ ചിത്രങ്ങളും വരച്ച് മടങ്ങിയ ഒരു കള്ളന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംഭവം നടക്കുന്നതാവട്ടെ ഉത്തർപ്രദേശിലെ കാൺപൂരിലും. സ്ഥലത്തെ ഒരു പ്രൈമറി സ്കൂളിൽ മോഷ്ടിക്കാനെത്തിയ കള്ളനാണ് മോഷണം കഴിഞ്ഞ് മടങ്ങും മുൻപ് സ്കൂളിന്റെ ചുവരിൽ കാർട്ടൂൺ ചിത്രങ്ങൾ വരച്ചത്. ചിത്രങ്ങൾ കണ്ട നാട്ടുകാരാവട്ടെ കള്ളൻ ഒരു അനുഗ്രഹീത കലാകാരൻ കൂടിയാണെന്നാണ് പ്രതികരിച്ചത്. ഇക്കഴിഞ്ഞ ദസറ അവധി സമയത്ത് ഭിതർഗാവിലെ മണിയാർപൂരിലായിരുന്നു വളരെ വ്യത്യസ്തമായ ഈ മോഷണം നടന്നത്. അടച്ചിട്ടിരുന്ന സ്‌കൂളിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന കള്ളൻ സ്കൂളിൽ ഉണ്ടായിരുന്ന രണ്ട് ബ്ലൂടൂത്ത് സ്പീക്കറുകൾ, ഒരു സാംസങ് ചാർജർ, ഒരു സോമർസിബിൾ സ്റ്റാർട്ടർ ബോക്സ്, ഒരു പ്ലാസ്റ്റിക് കസേര എന്നിവ മോഷ്ടിച്ചു. മാത്രമല്ല പോകുമ്പോൾ സ്‌കൂളിലെ പൂട്ടും മോഷ്ടാവ് കൊണ്ടുപോയി.
അവധി കഴിഞ്ഞ് വീണ്ടും പ്രവർത്തി ദിവസം ആരംഭിച്ചപ്പോൾ സ്കൂളിൽ എത്തിയ പ്രധാനാധ്യാപകൻ രഞ്ജൻ മിശ്ര സാദ് ആണ് മോഷണം നടന്ന പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സ്കൂളിലും പരിസരങ്ങളിലും പരിശോധന നടത്തുകയും ചെയ്തു. ഈ സമയത്താണ് അവിടെയുണ്ടായിരുന്ന ചോക്കുകൊണ്ട് കള്ളൻ തീർത്ത വർണ്ണ വിസ്മയം ശ്രദ്ധയിൽപ്പെട്ടത്. കേന്ദ്ര സർക്കാരിൻ്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന പ്രചാരണവുമായി ബന്ധപ്പെട്ട കാർട്ടൂൺ ആയിരുന്നു ചുവരിൽ വരച്ചിരുന്നത്. ക്ലാസ് മുറിയിലെ ബോർഡിലും ചുവരുകളിലും കള്ളൻ ചിത്രം വരച്ചു. ചിലപ്പോൾ ഈ കലാകാരനായ കള്ളൻ ഇതേ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരിക്കാമെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

