കാട്ടുതീ…അഞ്ച് ഏക്കറോളം കൃഷിയിടം കത്തി നശിച്ചു…അർദ്ധരാത്രിയോടെ…
കോഴിക്കോട് വിലങ്ങാട് വനഭൂമിയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായി. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഉണ്ടായ കാട്ടുതീ രാത്രിയോട് കൂടി തെക്കേ വായാട്ട് കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. റബ്ബർ, കശുമാവ് തുടങ്ങിയവ ധാരാളമുള്ള കൃഷി മേഖലയിലാണ് രാത്രിയോടെ തീ വ്യാപിച്ചത്.
അഞ്ച് ഏക്കറോളം കൃഷിയിടം കത്തി നശിച്ചു. അർദ്ധരാത്രിയോടെയാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. നരിപ്പറ്റ പഞ്ചായത്ത് ഒന്നാം വാർഡിലെ തെക്കേ വായാടായിരുന്നു ആദ്യം തീപിടിത്തമുണ്ടായത്. പാറക്കെട്ടുകൾ നിറഞ്ഞ വനഭൂമിയിലെ ഉണങ്ങിയ പുല്ലുകളിൽനിന്ന് തീ ഉയരുന്നത് കണ്ടതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയിലും മറ്റും വിവരം അറിയിക്കുകയായിരുന്നു. പാറക്കെട്ടുകൾക്കിടയിലെ ഉണങ്ങിയ പുല്ലുകൾക്ക് എല്ലാ വർഷവും തീപിടിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.