കുഴിച്ചുമൂടി എട്ടാം മാസം കുഴി തുറന്ന് അസ്ഥികള്‍ പുറത്തെടുത്തു, കടലില്‍ ഒഴുക്കി”.. വിജിലിൻ്റെ മരണത്തില്‍ പ്രതികളുടെ കൂടുതല്‍ മൊഴി പുറത്ത്..
വിജില്‍ കൊലക്കേസില്‍ പ്രതികളുടെ കൂടുതല്‍ മൊഴി പുറത്ത്. കുഴിച്ചുമൂടി എട്ടാം മാസം കുഴി തുറന്ന് അസ്ഥികള്‍ പുറത്തെടുത്തു, കടലില്‍ ഒഴുക്കിയെന്നും പ്രതികള്‍ മൊഴി നല്‍കി.
മൃതദേഹം കണ്ടെടുക്കാനുള്ള നടപടിക്കൊരുങ്ങിയിരിക്കുകയാണ് പൊലീസ്. ഒളിവിലുള്ള പ്രതി രഞ്ജിത്തിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വെസ്റ്റ് ഹില്ലിലെ വിജിലന്റെ തിരോധാനത്തില്‍ ആറ് വര്‍ഷത്തിന് ശേഷമാണ് ചുരുളഴിയുന്നത്. യുവാവിനെ കൊന്ന് കുഴിച്ച് മൂടിയത് സുഹൃത്തുക്കളെന്ന് എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ ദീപേഷ്, നിഖില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രൗണ്‍ ഷുഗര്‍ അമിതമായി ഉപയോഗിച്ചാല്‍ മരണം സംഭവിക്കാം എന്ന അറിവോടുകൂടി വിജിലിന് ബ്രൗണ്‍ ഷുഗര്‍ അമിത അളവില്‍ കുത്തി വെക്കുകയും ശേഷം മരിച്ച വിജിലിനെ പ്രതികള്‍ തെളിവ് നശിപ്പിക്കുന്നതിനായി സരോവരം പാർക്കിനോട് ചേർന്നുള്ള ചതുപ്പില്‍ കല്ല് കെട്ടി താഴ്ത്തിയെന്നുമാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്
2019 മാര്‍ച്ചിലാണ് വിജിലിനെ കാണാതായത്. യുവാവിനെ കാണാനില്ലെന്ന പരാതിയുമായി വിജിലിന്റെ പിതാവ് നേരത്തെ തന്നെ എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം തുടരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് വിജിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തത്.
എന്നാല്‍ വിജിലിനെ കൊന്നതല്ലെന്നും ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതാണെന്നുമാണ് ദീപേഷും നിജിലും നല്‍കിയ മൊഴി. ഇരുവര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഒരാള്‍ കൂടി പിടിയിലാകാന്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. രഞ്ജിത് എന്നയാളാണ് ഇനി പിടിയിലാകാന്‍ ഉള്ളത്. മരിച്ച യുവാവും ഇപ്പോള്‍ പിടിയിലായവരും ഒരുമിച്ച് 2019ല്‍ ഒരുമിച്ച് ബ്രൗണ്‍ഷുഗര്‍ ഉപയോഗിച്ചു. ലഹരി അമിതമായി ഉപയോഗിച്ചത് മൂലം വിജില്‍ അവിടെ വെച്ച് മരിക്കുകയും ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ മരിച്ച യുവാവിന്റെ ദേഹത്ത് കരിങ്കല്ല് കെട്ടിക്കൊണ്ട് ഒരു ചതുപ്പില്‍ താഴ്ത്തിയെന്നുമാണ് പ്രതികള്‍ പറയുന്നത്.