രക്തക്കളമായ മുറിയുടെ തറ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചു വൃത്തിയാക്കി… ആലപ്പുഴയിലെ അരും കൊലയ്ക്ക് പിന്നിൽ കൃത്യമായ കണക്കുകൂട്ടൽ…

ആലപ്പുഴ∙ വർഷങ്ങളുടെ അടുപ്പമുണ്ടായിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം തെളിവുകൾ ഇല്ലാതാക്കാൻ പ്രതി ജയചന്ദ്രൻ ‘ശാസ്ത്രീയമായി’ത്തന്നെ ശ്രമിച്ചു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞിട്ടും മായാത്ത രക്തക്കറ പൊലീസിനു മുന്നിൽ തെളിവ് അടയാളപ്പെടുത്തി. കൊല്ലം കരുനാഗപ്പള്ളിക്കു സമീപം ആദിനാട് സ്വദേശി വിജയലക്ഷ്മി (48)യെ അമ്പലപ്പുഴയ്ക്കടുത്തു കരൂരിലുള്ള തന്റെ വീട്ടിൽ കൊണ്ടുവന്ന ശേഷമാണു ജയചന്ദ്രൻ (53) വെട്ടുകത്തി കൊണ്ടു തലയ്ക്കു പലതവണ വെട്ടി കൊലപ്പെടുത്തിയത്.

രക്തക്കളമായ മുറിയുടെ തറ ഇയാൾ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചു വൃത്തിയാക്കി. രക്തക്കറ പൂർണമായും നീക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണു പൊലീസിനോടു പറഞ്ഞത്. ചോരയുടെ ഗന്ധം മാറാൻ ഫാബ്രിക് കണ്ടിഷനർ ചേർത്ത വെള്ളമൊഴിച്ചു കഴുകി. എന്നിട്ടും അന്വേഷകർക്കു രക്തക്കറയുടെ സാംപിളുകൾ കിട്ടി. ഹൈഡ്രജൻ പെറോക്സൈഡ് കൊണ്ടുള്ള ‘ശുദ്ധീകരണ ഐഡിയ’ മത്സ്യത്തൊഴിലാളിയായ ജയചന്ദ്രന് എങ്ങനെ കിട്ടിയെന്നതു പൊലീസിനെ ആശ്ചര്യപ്പെടുത്തുന്നു. കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ ഇതിൽ വ്യക്തത വരും.

Related Articles

Back to top button