നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു.. ബൊലേറോ പിക്കപ്പുമായി കൂട്ടിയിടിച്ചു…
നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു.ഇന്ന് വൈകുന്നേരം ജോഗുലംബ ഗദ്വാൽ ജില്ലയിലെ ഉണ്ടാവല്ലിയിൽ വെച്ച് നടന്ന കാറപകടത്തിൽ താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്.
ദേശീയ പാത 44ൽ വരസിദ്ധി വിനായക കോട്ടൺ മില്ലിന് സമീപമാണ് അപകടമുണ്ടായത്. നന്ദികോട്കൂറിൽ നിന്ന് പേബ്ബെയറിലേക്ക് ആടുകളെ കയറ്റി വന്ന ഒരു ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇതിനെത്തുടർന്ന്, നടൻ്റെ കാർ എതിരെ വന്ന ഒരു ബൊലേറോ പിക്കപ്പുമായി കൂട്ടിയിടിക്കുകയും അദ്ദേഹത്തിൻ്റെ വാഹനത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഭാഗ്യവശാൽ, അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന് ശേഷം വിജയ് ദേവരകൊണ്ട തൻ്റെ സുഹൃത്തിൻ്റെ കാറിൽ ഹൈദരാബാദിലേക്കുള്ള യാത്ര തുടർന്നു.