146 ഏക്കർ വരുന്ന ഏലത്തോട്ടം അളന്നു തിട്ടപ്പെടുത്താൻ കൈക്കൂലി..50,000 രൂപയുമായി സർവേയർ പിടിയിൽ…
കൈക്കൂലി വാങ്ങുന്നതിനിടയിൽ താൽക്കാലിക സർവേയർ വിജിലൻസ് പിടിയിൽ. ഇടുക്കി ദേവികുളം താലൂക്കിലെ സർവേയർ എസ് നിതിനാണ് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം നേര്യമംഗലത്ത് വച്ച് പിടിയിലായത്. ബൈസൺ വാലി പൊട്ടൻകാടുള്ള 146 ഏക്കർ വരുന്ന ഏലത്തോട്ടം ഡിജിറ്റൽ സർവേ പ്രകാരം അളന്നു തിട്ടപ്പെടുത്തി കൊടുക്കുന്നതിനാണ് നിതിൻ കൈക്കൂലി വാങ്ങിയത്. എസ്റ്റേറ്റ് മാനേജരോട് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും അത്രയും തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനാൽ 50,000 രൂപ നൽകാൻ നിതിൻ ആവശ്യപ്പെടുകയായിരുന്നു. എസ്റ്റേറ്റ് മാനേജർ വിവരമറിയിച്ചതിനെ തുടർന്ന് ഇടുക്കി വിജിലൻസാണ് കൈക്കൂലി കൈമാറുന്നതിനിടെ നിതിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.