‘വലിച്ച് പുറത്തിട്ട് അവന്‍റെ എല്ല് ഒടിക്ക്’.. വിദേശ സഞ്ചാരിക്കെതിരെ ഭീഷണിയുമായി ടാക്സി ഡ്രൈവർ…
വിദേശ വ്ളോഗറായ ഡസ്റ്റിനായിരുന്നു കൊല്‍ക്കത്ത നഗരത്തില്‍ നിന്നും വളരെ മോശമായൊരു അനുഭവം നേരിട്ടത്. സംഭവത്തിന്‍റെ വീഡിയോ ഡസ്റ്റിന്‍ തന്‍റെ യൂട്യൂബ് അക്കൗണ്ട് വഴി പങ്കുവച്ചപ്പോൾ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. കൊല്‍ക്കത്തയില്‍ എന്നെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ടാക്സി ഡ്രൈവര്‍ എന്ന തലക്കെട്ടോടെയാണ് മീറ്റ് ഡസ്റ്റിന്‍ എന്ന യൂട്യൂബ് അക്കൗണ്ടിലൂടെ അദ്ദേഹം താന്‍ നേരിട്ട ദുരിതം പങ്കുവച്ചത്.
വാഹനത്തിൽ ഡ്രൈവറുടെ സീറ്റിന് സമീപത്തായി ഇരിക്കുന്നയാൾ പിന്നിലേക്ക് തിരിഞ്ഞ് കൊണ്ട് ‘എനിക്ക് മാഫിയ ബന്ധമുണ്ട്. (തെറി). നീ എനിക്ക് പണം തരില്ല?’ എന്ന് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഡസ്റ്റിന്‍ കൊല്‍ക്കത്തിയില്‍ വിമാനമിറങ്ങി വേസ്റ്റേണ്‍ പാര്‍ക്ക് സ്ട്രീറ്റ് ഹോട്ടിലിലേക്ക് പോകാനായിരുന്നു ടാക്സി പിടിച്ചത്. എയർപോർട്ടില്‍ നിന്നും 50 മിനിറ്റ് യാത്രയുള്ള, യൂബറിന് 500 – 600 രൂപ ആകുന്ന യാത്രയ്ക്ക് 700 രൂപ പറഞ്ഞുറപ്പിച്ചാണ് ഡസ്റ്റിന്‍ ഒരു ടാക്സിയില്‍ കയറിയത്. എന്നാല്‍, ടാക്സിക്കാരന്‍ പാർക്കിംഗിന് 100 രൂപ അധികം വേണമെന്ന് ആവശ്യപ്പെട്ടു. ഒപ്പം അഡ്രസ് തെറ്റിച്ച് മറ്റൊരു ഹോട്ടലില്‍ അദ്ദേഹത്തെ ഇറക്കി. പിന്നാലെ ഇരുവരും തമ്മില്‍ നടന്ന തര്‍ക്കാമാണ് വീഡിയോയിലുള്ളത്. ഒടുവില്‍ മറ്റൊരു ടാക്സിയില്‍ കയറി തന്‍റെ ഹോട്ടലിലേക്ക് പോകുന്ന ഡസ്റ്റിന്‍ തനിക്കുണ്ടായ അനുഭവം വീഡിയോയുടെ അവസാന ഭാഗത്ത് വിവരിക്കുന്നു.
അന്വേഷണങ്ങൾക്ക് ഒടുവില്‍ ഡസ്റ്റിന്‍ ഹോട്ടലിലെത്തുന്നു. അവിടുത്തെ ജീവനക്കാരോട് അദ്ദേഹം എയർപോർട്ടില്‍ നിന്നും ഹോട്ടലിലേക്ക് എത്ര രൂപയാകുമെന്ന് അന്വേഷിക്കുമ്പോൾ 500 എന്നാണ് ഹോട്ടൽ ജീവനക്കാര്‍ നല്‍കുന്ന മറുപടി. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കല്‍ക്കത്ത പോലീസിന് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. ചിലര്‍ വീഡിയോയുടെ ലിങ്ക് അടക്കം വച്ച് പരാതി നല്‍കിയെന്നും എഴുതി. മഞ്ഞ ടാക്സികളെ വിശ്വസിക്കരുതെന്നും യൂബർ എടുക്കുന്നതാണ് സുരക്ഷിതമെന്നും നിരവധി പേര്‍ എഴുതി.