കണ്ടാൽ പഞ്ചനക്ഷത്ര ഹോട്ടൽ പോലെ ആരും കൊതിച്ച് പോകുന്ന കഫേ… പക്ഷേ അടുക്കളയിൽ….
ഹൈദരാബാദിലെ, ആരെയും ആകർഷിക്കുന്ന ഒരു ഹോട്ടലിന്റെ അടുക്കളയിലെ ദൃശ്യങ്ങൾ പകർത്തിയ ഒരു സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സര്‍ പങ്കുവെച്ച വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
ഉർവശി അഗര്‍വാള്‍ എന്ന സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സര്‍ ഇന്‍സ്റ്റാഗ്രാമിലും കമ്മീഷണര്‍ ഓഫ് ഫുഡ് ആന്‍റ് സേഫ്റ്റി തെലുങ്കാന തങ്ങളുടെ എക്സ് പേജിലൂടെയും പങ്കുവച്ച ഹൈദരാബാദിലെ ഗച്ചിബൗളി, ഇന്ദിര നഗറിലെ ലാ വിയ എൻ റോസ് കഫേയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഹൈദരാബാദ് നഗരത്തിലെ ജനപ്രിയ കഫേകളില്‍ ഒന്നാണ് ലാ വിയ എൻ റോസ് കഫേ.
കഫേയുടെ മുന്‍വശം അതിമനോഹരമായി അലങ്കരിച്ചിരിക്കുന്നു. പ്രത്യേക ദീപവിതാനങ്ങളും സീറ്റ് ആറേഞ്ച്മെന്‍റും കണ്ടാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം. മനോഹരമായ രീതിയില്‍ പിങ്ക് നിറത്തിലുള്ള കൃത്രിമ പൂക്കൾ കൊണ്ട് അലങ്കരിച്ച മേല്‍ക്കൂര. അവിടവിടെ കൃത്യമായ അകലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബള്‍ബുകള്‍. കസേരകളാണെങ്കില്‍ പ്രത്യേക ഡിസൈനിലുള്ളവ. ആരും കൊതിച്ച് പോകുന്ന കഫേ. പക്ഷേ, ഈ കാഴ്ചകള്‍ കണ്ട് ആരും ഉള്ളിലേക്ക് കയറരുതെന്നാണ് ഉർവശി അഗര്‍വാളിന്‍റെ ഉപദേശം.
ജനാലകളിലും വാതിലുകളിലും ചെറു പ്രാണികളെ പ്രതിരോധിക്കുന്ന സ്ക്രീനുകൾ ഇല്ല, അടുക്കളയുടെ തറ വഴുവഴുപ്പ് നിറഞ്ഞത്. ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു. കേക്ക് തയ്യാറാക്കുന്ന സ്ഥലത്തെ മേല്‍ക്കുരയിലെ പെയിന്‍റും സീലിങ്ങും അടര്‍ന്ന് തുടങ്ങിയിരിക്കുന്നു. അവ എപ്പോള്‍ വേണമെങ്കിലും പൊടിഞ്ഞ് താഴേയ്ക്ക് വീഴാമെന്ന് പറഞ്ഞ ഉർവശി, ആരെങ്കിലും വീഡിയോ കണ്ട് ഹോട്ടലിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും ചോദിച്ചു. ഇതോടെ വീഡിയോ വൈറലായി.
നിരവധി പേരാണ് പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായെത്തിയത്. കിട്ടുന്ന ലാഭത്തിന്‍റെ 10 ശതമാനം ചിലവഴിച്ചാല്‍ പോലും ഇതിലും നല്ലൊരു അടുക്ക ഒരുക്കാമെന്ന് ചിലരെഴുതി. വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം അറിയാന്‍ ഹോട്ടലുകളിലെ അടുക്കളയിലൂടെ വേണം ആളുകളെ അകത്തേക്ക് കയറ്റിവിടേണ്ടതെന്ന് ഒരു കാഴ്ചക്കാരന്‍ നിര്‍ദ്ദേശിച്ചു.