നവീൻ ബാബുവിന്റെ മരണം..പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി…
എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 29നാണ് വിധി പറയുക.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ജഡ്ജി ജ. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും പരാതിക്കാരനായ ഗംഗാധരന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷം കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വ്യക്തിഹത്യയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ വാദിച്ചു.
അതേസമയം, അഴിമതിക്കെതിരായ സന്ദേശമായിരുന്നു തന്റെ പ്രസംഗമെന്നാണ് ദിവ്യ കോടതിയിൽ പറഞ്ഞത്. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ കെ വിശ്വൻ വാദിച്ചു. നീ പോയി തുങ്ങി മരിച്ചോ എന്ന് പറഞ്ഞാൽ പോലും ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ കഴിയില്ലെന്നാണ് സുപ്രീം കോടതി പോലും പറഞ്ഞതെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു