ഊമക്കത്ത് എറണാകുളത്തു നിന്ന്.. മാസ്‌ക് ധരിച്ച ആള്‍ അയച്ചത് 33 സ്പീഡ് പോസ്റ്റ് കത്തുകള്‍… സിസിടിവി ദൃശ്യങ്ങള്‍….

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ഒരാഴ്ച മുമ്പേ ലഭിച്ച ഊമക്കത്ത് അയച്ചത് എറണാകുളത്തു നിന്നെന്ന് പൊലീസിന്റെ കണ്ടെത്തല്‍. എറണാകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒരു പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്ത് അയച്ചിട്ടുള്ളത്. കത്ത് അയക്കാനെത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സ്പീഡ് പോസ്റ്റ് ആയാണ് ഊമക്കത്ത് അയച്ചിട്ടുള്ളത്. ഡിസംബര്‍ മൂന്നാം തീയതി ഉച്ചയ്ക്ക് 1.42 ഓടെ, മാസ്‌ക് ധരിച്ച് മുഖം മറച്ച ഒരാള്‍ പോസ്റ്റ് ഓഫീസിലേക്ക് എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇയാള്‍ 33 സ്പീഡ് പോസ്റ്റ് കവറുകളാണ് അയച്ചിട്ടുള്ളത്. കത്തിന്റെ പുറത്ത് ഫ്രം അഡ്രസ്സായി ‘രാംകുമാര്‍’ എന്ന പേരാണ് നല്‍കിയിട്ടുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി തനിക്കു ലഭിച്ച ഊമക്കത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഡിസംബര്‍ ആറിനാണ് ഷേണായിക്ക് കത്തു ലഭിച്ചത്. എട്ടിനു വിധി വന്ന ശേഷം ഈ കത്ത് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരാണെന്നും, ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ കുറ്റവിമുക്തരാകുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.


