ഷാബാ ഷെരീഫ് വധക്കേസിൽ വിധി അടുത്തമാസം 17 ന്

ഒറ്റമൂലി രഹസ്യത്തിനായി പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷെരീഫിനെ കൊന്ന കേസിൽ വിധി അടുത്തമാസം 17 ന്. ഒരു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്ക് ശേഷമാണ് കേസില്‍ മഞ്ചേരി കോടതി വിധിപറയുന്നത്. മൃതദേഹം കണ്ടെത്താനാവാതെ വിചാരണ പൂർത്തിയാക്കിയ അപൂർവ്വം കൊലക്കേസുകളിലൊന്നാണിത്. മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലാണ്. വ്യവസായി ആയ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമാണ് ഇതിന് പിന്നിലെന്നാണ് കേസ്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിൻ്റെ രഹസ്യം പറയാൻ തയ്യാറായില്ല. ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ തള്ളി. വാഗ്ദാനം ചെയ്ത പ്രതിഫലം ഷൈബിൻ അഷറഫ് നൽകാതെ വന്നതോടെ കൂട്ടുപ്രതികളായ സുഹൃത്തുക്കൾ ഷൈബിൻ അഷ്റഫിനെ ബന്ദിയാക്കി പണം കവർന്നു. കവർച്ചയിൽ പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചു. ഇതോടെ ഷൈബിനിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി. ക്രൂര കൊലപാതകത്തിൻ്റെ വിവരം ഇവരാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഷൈബിൻ, ഷാബാ ഷെരീഫിനെ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവും ഇവർ പൊലീസിന് കൈമാറി. ഇതോടെ മുഖ്യപ്രതി ഷൈബിൻ അഷറഫ് അടക്കമുള്ളവർ പൊലീസിന്റെ പിടിയിലായി. മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ നിർണ്ണായകമായത് ശാസ്ത്രീയ തെളിവുകളാണ്. ഷാബ ശരീഫിൻ്റെ ഭാര്യയും മക്കളും ഷൈബിൻ അഷ്റഫിൻ്റെ സംഘത്തെ തിരിച്ചറിയുകയും ചെയ്തു

Related Articles

Back to top button