നടിയെ ആക്രമിച്ച കേസ്: ശിക്ഷാ വിധി പ്രഖ്യാപനം ഉടൻ; ആറ് പ്രതികളെയും കോടതിയിലെത്തിച്ചു

നടിയെ ആക്രമിച്ച കേസിൽ നിർണായകമായ ശിക്ഷാ വിധി പ്രഖ്യാപനം ഉടൻ. ആറ് പ്രതികളെയും കോടതിയിലെത്തിച്ചു. 12മണിക്ക് ശേഷമായിരിക്കും വിധി ഉണ്ടാകുക. മറ്റ് കേസുകൾ പരി​ഗണിച്ച ശേഷമായിരിക്കും നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി പുറപ്പെടുവിക്കുന്നത്. കോടതിയുടെ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇരു ഭാ​ഗങ്ങളുടെയും വാദം പൂർത്തിയായിക്കഴിഞ്ഞായിരിക്കും ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിയടക്കം ആറ് പേർക്കും ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഏഴര വർഷം തടവ് അനുഭവിച്ചതിനാൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ആദ്യ 6 പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്. 20 വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം 10 കുറ്റങ്ങളാണ് 6 പ്രതികൾക്കുമെതിരെ തെളിഞ്ഞത്. ശിക്ഷയിൽ പ്രതികളുടെയും പ്രോസിക്യൂഷന്റെയും ഭാഗം കോടതി കേൾക്കും. ഇതിനു ശേഷം ആകും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിക്കുക.

Related Articles

Back to top button