വെഞ്ഞാറമൂട് കൂട്ടക്കൊല…പ്രതിയുടെ ആരോഗ്യനില തൃപ്തികരം…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദർ.പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളിൽ കൺക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പ്രതിയെ കാര്യമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ലഹരി ഉപയോഗിച്ചതിൽ വ്യക്തതയില്ല. രക്തപരിശോധനാഫലം വന്നശേഷമേ അക്കാര്യത്തിൽ വ്യക്തത വരൂ. പ്രതിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ഐജി വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.



