വേങ്ങരയിലെ മോഡേൺ ഫുഡ് ഫാക്ടറിയിൽ തീയിട്ട പ്രതി പിടിയിൽ..

വേങ്ങര കണ്ണമംഗലത്തെ ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിൽ തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. വേങ്ങര കണ്ണമംഗലം സ്വദേശിയായ ദേവരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിലാണ് കൃത്യം ചെയ്തത് എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. തീയിട്ടതിന് ശേഷം സിസിടിവി ക്യാമറകൾ തകർത്തത് തെളിവ് നശിപ്പിക്കാനായിരുന്നെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
ഒളിവിലായിരുന്ന ദേവരാജിനെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ട്രിച്ചിയിലുളള ബന്ധു വീട്ടിൽ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 20നാണ് ഇന്ത്യൻ മോഡേൺ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മനഃപൂർവ്വം തീയിട്ടതാണെന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസ് ലഭിക്കുകയായിരുന്നു. പ്രതി വാതിൽ തുറന്ന് അകത്ത് കയറുന്നതും ഓഫീസ് സാമഗ്രികൾ തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സിപിയുവും മോണിറ്ററുകളും തള്ളിയിടുന്നതും സോഫയും കസേരയും അലമാരയും മറ്റും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദേവരാജിനെ തിരിച്ചറിഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.



