‘ഇടത് സർക്കാർ മുസ്ലിം ലീഗിന് മുന്നിൽ മുട്ടിലിഴയുന്നു’..വീണ്ടും വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി..
വിവാദ പ്രസംഗം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗിന് മുന്നിൽ ഇടത് സർക്കാർ മുട്ടിലിഴയുന്നുവെന്ന് ഇന്ന് ആലുവ അദ്വൈതാശ്രമത്തിൽ നടന്ന പരിപാടിയിൽ അദ്ദേഹം കുറ്റപ്പെടുത്തി. ഇടതും വലതുമെല്ലാം മുസ്ലീം ലീഗും കേരള കോൺഗ്രസും പറഞ്ഞാൽ മിണ്ടുമോയെന്ന് ചോദിച്ച അദ്ദേഹം, നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്നും പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം മുന്നിൽ കണ്ടാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍റെ വർഗീയ പരാമർശത്തെ പേര് എടുത്ത് പറയാതെ സിപിഎം ഇന്ന് തള്ളിയിരുന്നു. എസ്എൻഡിപി മുന്നോട്ട് പോകേണ്ടത് മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ്. ഏതൊരു ജനവിഭാഗത്തിന്‍റെയും പ്രശ്നങ്ങൾ അവതരിപ്പിക്കാം. അത് മതവൈര്യമുണ്ടാക്കുന്ന തരത്തിലാക്കരുതെന്നും സിപിഎം വ്യക്തമാക്കുന്നു. മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെൽ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ജാഗ്രത പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കാന്തപുരം കുന്തവുമായി വന്നാലും പറയാനുളളത് താന്‍ പറയുമെന്നാണ് രാവിലെ വെള്ളാപ്പളളി നടേശന്‍ പറഞ്ഞത്. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. വര്‍ഗീയ പരാമര്‍ശങ്ങള്‍ വെള്ളാപ്പള്ളി ആവര്‍ത്തിക്കുമ്പോഴും ചരിത്രം സൃഷ്ടിച്ച ദീര്‍ഘദര്‍ശിയാണ് വെള്ളാപ്പള്ളിയെന്നായിരുന്നു മന്ത്രി വിഎന്‍ വാസവന്‍റെ വിശേഷണം.