‘കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗ്’.. ‘ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാർ’…
മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്ന് വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. വെള്ളാപ്പള്ളി നടേശൻ യോഗം മുഖപത്രമായ യോഗനാദം പുതിയ ലക്കം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിൽ എത്താനുള്ള ശ്രമത്തിലാണ് ലീഗെന്നും യോഗനാദം മാസികയിലെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശന്റെ വിമർശനം.
പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും വേഷത്തിൽ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തിൽ ഇല്ല. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല, മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കൽ മാത്രമാണ് ലീഗിന്‍റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഇന്ത്യയുടെ വിഭജനത്തിന് വഴിയൊരുക്കിയ സർവേന്ത്യ മുസ്ലിം ലീഗിൻ്റെ ഇന്ത്യൻ പതിപ്പാണ് ലീഗെന്നും കൂടുതൽ ഡെക്കറേഷൻ വേണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
മലബാർ കലാപം നടന്ന മണ്ണിൽ നിന്ന് ഉയർന്നുവന്ന പാർട്ടിയാണ് ലീഗ് എന്നത് ഭൂരിപക്ഷ സമൂഹം മറന്നു പോയി എന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. ഇത് ഭൂരിപക്ഷ സമൂഹം ചെയ്ത തെറ്റാണ്. മുസ്ലിം വോട്ട് ബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെ പോലുള്ള നേതാക്കളെയും ചുമക്കുന്നതെന്ന് മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ പറയുന്നു.ഒൻപതര വർഷം അധികാരത്തിൽ നിന്ന് അകന്നു നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് മറ്റുള്ളവർക്ക് നേരെ തീർക്കരുതെന്നും വെള്ളാപ്പള്ളി നടേശന്റെ വിമർശനം. ലീഗ് നാളെ ആരുടെ കൂടെ കൂടിയാലും അത്ഭുതപ്പെടാൻ ഇല്ലെന്നും അദ്ദേഹം യോഗനാദം മാസികയിലെ മുഖപ്രസംഗത്തിൽ വിമർശിച്ചുകൊണ്ട് പറയുന്നു.



