ഒരു സൈഡിലെ ഗേറ്റ് മാത്രം തുറക്കുന്നില്ല.. കടലുണ്ടിയിൽ വാഹനങ്ങൾ എല്ലാം കൂടെ റെയിൽവേ പാളത്തിൽ പെട്ടു

ട്രെയിനുകൾ കടന്നുപോകാനായി അടച്ചിട്ട റെയിൽവേ ഗേറ്റ് തുറക്കാൻ കഴിയാതെ വന്നതോടെ ഇതുവഴി യാത്ര ചെയ്യാനിരുന്ന നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട് കടലുണ്ടി റെയിൽവേ ലെവൽ ക്രോസിലാണ് സംഭവം നടന്നത്. വൈകീട്ട് 6.30ഓടെ ലെവൽ ക്രോസിലെ കിഴക്കുവശത്തെ ഓട്ടോമാറ്റിക് ഗേറ്റ് ഓപ്പണിംഗ് സംവിധാനം തകരാറിലാവുകയായിരുന്നു.
മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. മൂന്ന് ട്രെയിനുകൾ കടന്നുപോകാനായി ഗേറ്റ് അടച്ചെങ്കിലും അവ കടന്നുപോയശേഷം പടിഞ്ഞാറ് വശത്തുള്ള ഗേറ്റ് മാത്രമേ ഉയർത്താനായുള്ളൂ. ഈ ഗേറ്റ് തുറന്നതോടെ വാഹനങ്ങൾ ഒരുമിച്ച് റെയൽ വേ ട്രാക്കിലേക്ക് കയറി. വീണ്ടും ട്രെയിൻ വരുന്ന സമയത്ത് വലിയ അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് പിന്നീട് ഉണ്ടായത്.


