നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ചു..ആലപ്പുഴയിലെ പള്ളി ഇമാം മരിച്ചു…
ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറി പള്ളി ഇമാം മരിച്ചു. ആലപ്പുഴ നൂറനാട് മുസ്ലിം ജുമാമസ്ജിദ് ഇമാം തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ഗവ. ഹൈസ്‌കൂളിനുസമീപം ഹസൻ മൻസിലിൽ മുഹമ്മദ് അസ്ലമാണ് (53) മരിച്ചത്. എം.സി റോഡിൽ കോട്ടയം പള്ളം കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷനുസമീപം വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് ചിങ്ങവനം ഭാഗത്തേക്ക് പോയ എൻഫീൽഡ് ബുള്ളറ്റ് മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ച മുഹമ്മദ് അസ്ലം റോഡിൽ തലയിടിച്ചു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാഹനം വിറ്റതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മൂവാറ്റുപുഴയിൽ പോയശേഷം വ്യാഴാഴ്ച പുലർച്ചെ നൂറനാട്ടേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ചിങ്ങവനം പൊലീസെത്തി ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദ് അസ്ലം സംഭവസ്ഥലത്തുതന്നെ മരിക്കാൻ ഇടയാക്കി.




