മാസപ്പടി കേസ്; വീണ വിജയന്റെ അറസ്റ്റ് ഉടൻ ?.. ആകാംക്ഷ…
മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകൾ വീണയെ അറസ്റ്റ് ചെയ്യുമോ എന്നതാണ് വലിയ ആകാംക്ഷ. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്.
മാസപ്പടി അടിവരയിട്ടാണ് പ്രോസിക്യൂഷൻ അനുമതി. ഇൻട്രിം സെറ്റിൽമെൻ്റ് ബോർഡ് ഉത്തരവും ആർഒസി കണ്ടെത്തലും കഴിഞ്ഞ് എസ്എഫ്ഐഒയും മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടിയത് ചെയ്യാത്ത സേവനത്തിനുള്ള പണമാണെന്ന് വ്യക്തമാക്കുന്നു. കമ്പനികാര്യ ചട്ടങ്ങളുടെ ഗുരുതര ലംഘനം കണ്ടെത്തിയതിന് പിന്നാലെ തന്നെ, എസ്എഫ്ഐഒയ്ക്ക് മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ കരുതലോടെയായിരുന്നു അന്വേഷണ സംഘം നീങ്ങിയത് . അന്വേഷണ റിപ്പോർട്ട് മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ച്, പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരുന്നു. തുടർനടപടികൾക്ക് തടസ്സമില്ലെന്ന ദില്ലി കോടതിയുടെ തീരുമാനം കൂടി വന്നതോടെ, പ്രോസിക്യൂഷൻ നടപടികൾ എസ്എഫ്ഐഒ വേഗത്തിലാക്കുകയായിരുന്നു.