യൂത്ത് കോൺഗ്രസ് ആരോപണങ്ങൾക്ക് മറുപടി.. തെളിവ് നിരത്തി ആരോഗ്യ മന്ത്രി…

വിതുര താലൂക്ക് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ ചേർന്ന പ്രവർത്തനമല്ലെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സംഭവത്തിൽ വിതുര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രോഗിയെ ആംബുലൻസിൽ കയറ്റാതെ തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലൻസ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവർത്തകരുടെ പരാതി. ഇൻഷുറൻസും ഫിറ്റ്നസ്സുമുള്ള ആംബുലൻസായിരുന്നിട്ടും, ഇത് രണ്ടും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് വാഹനം തടഞ്ഞത്. ആംബുലൻസിന്റെ ഇൻഷുറൻസ് സംബന്ധിച്ച രേഖകൾ ലഭ്യമാണ്.

വിതുരയിൽ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിനിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പത്ത് പേരെ പ്രതി ചേർത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം ലാൽ റോഷി ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. രോഗിയെ കയറ്റാൻ വന്ന ആംബുലൻസ് പ്രതികൾ തടഞ്ഞെന്നാണ് കേസ്. മെഡിക്കൽ ഓഫീസറുടെയടക്കം ഡ്യൂട്ടി പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.|

Related Articles

Back to top button