മന്ത്രി മന്ദിരത്തിൽ തടഞ്ഞു… ആശാ വർക്കർമാരുടെ നേതാവിന് വക്കീൽ നോട്ടീസയച്ച് വീണാജോർജിൻ്റെ ഭർത്താവ്
Veena George husband send legal notice to Asha Worker s leader
കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് (കെഎച്ച്ഡബ്ല്യുഎ) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനിക്ക് വക്കീല്‍ നോട്ടീസയച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ്. മന്ത്രി മന്ദിരത്തില്‍ ചെന്നപ്പോള്‍ മന്ത്രിയെ കാണാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല എന്ന പരാമര്‍ശത്തിലാണ് നോട്ടീസ് അയച്ചത്. എസ് മിനിയുടെ പരാമര്‍ശം ശരിയല്ലെന്ന് നോട്ടീസില്‍ പറയുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സമരത്തിന്റെ രണ്ടാം ദിനത്തില്‍ മന്ത്രിയെ കാണാന്‍ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ ഭര്‍ത്താവ് തടഞ്ഞെന്ന് മിനി നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം നേരത്തെ തന്നെ വീണാ ജോര്‍ജ് തള്ളിയിരുന്നു. തന്റെ ഭര്‍ത്താവ് താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ലെന്നും പത്തനംതിട്ടയിലെ വീട്ടിലേക്കും സമരക്കാര്‍ വന്നതായി അറിയില്ലെന്നും വീണ പറഞ്ഞിരുന്നു. സംശയമുണ്ടെങ്കില്‍ സിസിടിവി പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം ആശാവര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ പോലും വക വെക്കാതെ വളരെ സ്തുത്യര്‍ഹമായ സേവനം നടത്തി കേരളത്തിന്റെ ആരോഗ്യ മേഖലയെ കോട്ടകെട്ടി കാക്കുന്ന ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും ലഭിക്കുന്ന കൂലിയെക്കാള്‍ പതിന്മടങ്ങ് സേവനമാണ് ഇവര്‍ ചെയ്യുന്നതെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.
തൊഴിലുറപ്പ് തൊഴിലാളികളേക്കാള്‍ കുറഞ്ഞ ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇവരുടെ പ്രശ്നങ്ങളെ പുച്ഛത്തോടെ തള്ളിക്കളയാതെ മുഖ്യമന്ത്രി തന്നെ നേരിട്ട് സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.