കുടുംബം ട്രോമയിൽ.. പുറത്തിറങ്ങാനാവുന്നില്ല..സഹോദരനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം..

വേടനെതിരായ ലൈംഗിക പീഡനപരാതി കുടുംബത്തിന് ട്രോമയെന്ന് സഹോദരൻ ഹരിദാസ്. അച്ഛൻ രണ്ടുതവണ ഹൃദയാഘാതം ഉണ്ടായ ആളാണെന്നും ദിവസേനെ മകനെ പറ്റിയുള്ള വാർത്തകൾ കേൾക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും സഹോദരൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും വേടന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

വേടൻ പറയുന്ന രാഷ്ട്രീയം പുതിയ തലമുറ അറിയരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും സഹോദരൻ പറഞ്ഞു. ‘വേടന്റെ വളർച്ച ഒരുകൂട്ടം ആളുകളെ അസ്വസ്ഥരാക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ അടക്കം ആക്രമണം തുടരുകയാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് പതിനഞ്ച് ദിവസമായി. ഒരു കേസിന് പുറകെ ഒന്നൊന്നായി വരുമ്പോൾ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അനിയത്തിയും അച്ഛനുമൊക്കെയായി താമസിക്കുന്ന ചെറിയ കുടുംബമാണ് ഞങ്ങളുടെത്. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. നമ്മളനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പരാതിയിൽ പറഞ്ഞത്. ഇങ്ങനെയൊരാൾ ഇവിടെയില്ലെന്ന് വരുത്തിതീർക്കാനാണ് ശ്രമം. മൊത്തത്തിൽ കുടുംബത്തെ തന്നെ ഇല്ലാതാക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ വേട്ടയാടുന്നതെന്ന് മനസിലാകുന്നില്ല’ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ സഹോദരൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ ഹരിദാസ് പറയുന്നു. ജാമ്യാപേക്ഷ എടുത്ത ദിവസം തന്നെ പുതദിയ പരാതികൾ വരുന്നതിൽ ദുരൂഹമായ നീക്കങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു. തന്റെ സഹോദരനെതിരെ ആരൊക്കെയോ ചേർന്ന് ഗൂഢാലോചന നടത്തുന്നുണ്ടോ എന്നത് അന്വേഷണം നടത്തി കണ്ടുപിടിക്കേണ്ടതുണ്ട്. ഇപ്പോൾ നിലവിലുള്ള പരാതി പോലെ മറ്റുപരാതികൾ കൂടി പരിഗണിക്കുകയാണെങ്കിൽ സഹോദരൻ സ്ഥിരം കുറ്റവാളിയാണെന്ന് സമൂഹത്തിനും നിയമത്തിന് മുന്നിലും ചൂണ്ടിക്കാണിക്കപ്പെടും. ഇപ്പോൾ പ്രത്യക്ഷത്തിൽ വന്ന എല്ലാ സത്രീകളും ഒത്തുചേർന്നാണോ ഇപ്രകാരം പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിക്ക് അവർ തന്ന പരാതിയിലും കള്ളമാണ് പറയുന്നത്. മേൽപറഞ്ഞ പരാതിയിൽ ഒരു പ്രാഥമിക അന്വേഷണം നടത്തി അതിൽ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടുപിടിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തന്റെ സഹോദരന്റെ വളർച്ച തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും പരാതിയിൽ പറയുന്നു.

Related Articles

Back to top button