അടുത്ത ജന്മമുണ്ടെങ്കിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരുള്ള നാടാണിത്.. തൃശ്ശൂർക്കാർക്ക് ഒരു തെറ്റുപറ്റി..

അടുത്ത ജന്മത്തിൽ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമർശിച്ച് റാപ്പർ വേടൻ. തൃശ്ശൂർക്കാർക്ക് ഒരു തെറ്റുപറ്റിയെന്നായിരുന്നു വേടന്റെ പരാമർശം. പിറവിയാൽ ഒരു മനുഷ്യൻ ഉന്നതനാണ് എന്ന് വിചാരിക്കുന്നത് തനിക്ക് മനസിലാകാത്ത ഒന്നാണെന്നും വേടൻ പറയുന്നു.

‘ അടുത്ത ജന്മമുണ്ടെങ്കിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരുള്ള നാടാണിത്. സോറി, തൃശൂർക്കാർക്ക് ഒരു തെറ്റുപറ്റി. പേടിയും സഹതാപവുമാണ് ആ വാക്കുകൾ കേട്ടപ്പോൾ തോന്നിയത്. ഏത് നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നത്. പിറവിയാൽ ഒരു മനുഷ്യൻ ഉന്നതനാണ് എന്ന് വിചാരിക്കുന്നത് എനിക്ക് മനസിലാകാത്ത ഒന്നാണ്’ വേടൻ പറഞ്ഞു.

തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് തനിക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ് ​ഗോപി പറഞ്ഞത്. സുരേഷ് ​ഗോപിയുടെ ഈ പ്രസ്താവന വലിയ വിവാദമാകുകയും ചെയ്തിരുന്നു. ‘‘പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിൻറെ സത്യമെന്തെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. അതിൽ വിശ്വാസവുമുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായതിന് ശേഷം അടുത്ത ജന്മത്തിൽ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നു.‘‘ – ഇതായിരുന്നു സുരേഷ് ​ഗോപിയുടെ വിവാദ പ്രസം​ഗം. ഇതിനെയാണ് വേടൻ ഇപ്പോൾ വിമർശിച്ചിരിക്കുന്നത്.

അതേ സമയം, കാലിക്കറ്റ് സർവകലാശാല വേടൻറെ പാട്ട് പാഠ്യവിഷയത്തിലുൾപ്പെടുത്തി. ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്തകത്തിലാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടും വേടൻറെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിൻറെ അടിസ്ഥാന ലക്ഷ്യം.

Related Articles

Back to top button