കുന്നംകുളം കസ്റ്റഡി മർദനം: ‘കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ല, ഇതുവരെ കാണാത്ത സമരം കേരളം കാണും’…

കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിന് ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളായ ഉദ്യോഗസ്ഥർ കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കോൺഗ്രസുകാരനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും വീടിനു പുറത്തിറങ്ങില്ല. ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുകയാണ്. സമരത്തിന്റെ ഫ്രെയിം കോൺഗ്രസ് മാറ്റുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കസ്റ്റഡി മർദനത്തിനിരയായ വി.എസ്. സുജിത്തിനെ പ്രതിപക്ഷ നേതാവ് വീട്ടിലെത്തി കണ്ടു. 

കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് സുജിത്തിനെ കണ്ട് എല്ലാ പോരാട്ടത്തിനും പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബർ 10 ന് കേരളത്തിൽ ഉടനീളമുള്ള പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചിരുന്നു. 

അതേസമയം, പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സുജിത്ത് രംഗത്ത് എത്തിയിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു വെളിപ്പെടുത്തൽ. സുജിത്തിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button