ദിവ്യയെ കസ്റ്റഡിയിലെടുത്തതല്ല..ദിവ്യ ഇതുവരെ പാർട്ടി ഗ്രാമത്തിൽ സംരക്ഷണത്തിലായിരുന്നെന്ന് വി ഡി സതീശൻ…

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നത് തെറ്റായ വാർത്തയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി പി ദിവ്യ കീഴടങ്ങിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യ പാര്‍ട്ടി ഗ്രാമത്തില്‍ സംരക്ഷണത്തിലായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞത് മുഴുവന്‍ ശരിയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിര്‍ദേശ പ്രകാരം സിപിഐഎം ആണ് ദിവ്യയെ ഒളിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ദിവ്യയെ രക്ഷപെടുത്താനുള്ള മുഴുവന്‍ ശ്രമങ്ങളും നടത്തി. നവീന്‍ ബാബുവിനെ അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ത്ത്, അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തിയതിന്റെ പേരിലുള്ള ആദര്‍ശത്തിന്റെ പരിവേഷം കൂടി ദിവ്യയ്ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ സിപിഐഎം ശ്രമിച്ചു. അതില്‍ ദയനീയമായി പരാജയപ്പെട്ടു.ഇതോടെയാണ് ഇത്തരമൊരു നാടകം അരങ്ങേറിയത്.ദിവ്യ വിഐപി പ്രതിയായതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കാതെ പോയതെന്ന് വിഡി സതീശന്‍ പരിഹസിച്ചു. സാധാരണ കേസില്‍ കോടതി നോട്ട് ടു അറസ്റ്റ് എന്ന് മുന്‍കൂര്‍ ജാമ്യ അപേക്ഷ കേള്‍ക്കുമ്പോള്‍ തന്നെ പറയാറുണ്ട്. അങ്ങനെ ഈ കേസില്‍ പറഞ്ഞിട്ടില്ല. എന്നിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയുടെ ഭാഗമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button