നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ

കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന്‍റെ ജീവൻ നടുറോഡിൽ തിരികെ പിടിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമാ കഥയെ വെല്ലുന്ന നടുറോഡിലെ ആ ശസ്ത്രക്രിയ ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്ന് അദ്ദേഹം  കുറിച്ചു. പ്രിയപ്പെട്ട ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ജീവൻ രക്ഷിക്കുക. ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ഭാര്യ ദിദിയാ തോമസ്, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ബി മനൂപ് എന്നിവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്

ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരിൽ റോഡപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്. അതിൽ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു. മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു. ഒരാൾ ജീവിതത്തിൽ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടർമാർ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്.   രാവിലെ ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചു. അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക

Related Articles

Back to top button