സ്വർണ്ണക്കൊള്ള കേസിൽ സർക്കാരിനെതിരെ വി.ഡി സതീശൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാരിനെയും അന്വേഷണ സംഘത്തെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പാകത്തിന് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതികൾക്ക് ജാമ്യം നേടി പുറത്തിറങ്ങാൻ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്തതെന്നും അകത്തുള്ളവരെ രക്ഷിച്ചില്ലെങ്കിൽ പുറത്തുള്ള വമ്പന്മാർ കുടുങ്ങുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.
കേസിൽ കൃത്യസമയത്ത് പ്രാഥമിക കുറ്റപത്രം നൽകാൻ പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമാക്കാൻ സർക്കാരിനായിട്ടില്ല. യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകുന്നത് സർക്കാർ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്നും ഇപ്പോൾ നവോത്ഥാനവുമില്ല, സ്ത്രീ പ്രവേശനവുമില്ല എന്ന നിലപാടിലാണ് സി.പി.എമ്മെന്നും അദ്ദേഹം പരിഹസിച്ചു. സംഘപരിവാറിന്റെ അതേ പാതയിലാണ് സി.പി.എം സഞ്ചരിക്കുന്നതെന്നും വർഗീയതയ്ക്ക് പിണറായി വിജയൻ തിരികൊളുത്തിയെന്നും വി.ഡി. സതീശൻ ആരോപിച്ചു.




