കേരള സർവകലാശാലയിൽ ഭരണ സ്തംഭനം ഉണ്ടാക്കുന്ന നീക്കവുമായി വൈസ് ചാൻസിലർ..
കേരള സർവകലാശാലയിൽ ഭരണ സ്തംഭനം ഉണ്ടാക്കുന്ന നീക്കവുമായി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ.എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലുകളിൽ തുടർ നടപടികൾ വി സി വിലക്കി. അനിൽകുമാർ ഒപ്പിടുന്ന ഫയലുകൾക്ക് നിയമസാധ്യതയില്ലെന്നാണ് മോഹനൻ കുന്നുമ്മലിന്റെ നിലപാട്. എന്നാൽ വി സിയുടെ നിലപാടുകൾ ഇ-ഫയലിങ് പ്രൊവൈഡർമാർ അംഗീകരിച്ചിട്ടില്ല.
കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വി സിയുടെ നടപടി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതി വിധി വി സിക്ക് എതിരായിട്ടും അനുകൂല വിധി കിട്ടിയ രജിസ്ട്രാർ അനിൽകുമാറിന് സർവകലാശാലയുമായി ബന്ധപ്പെട്ട ഫയലുകൾ നൽകരുതെന്നാണ് വി സിയുടെ നിർദേശം. വി സിയുടെ ഒപ്പ് വേണ്ടാത്ത 150 ഓളം ഫയലുകൾ കഴിഞ്ഞദിവസം അനിൽകുമാർ ഒപ്പിട്ട് അംഗീകരിച്ചിരുന്നു.
ഇതിൽ ചൊടിച്ച വി സി മോഹൻ കുന്നുമ്മൽ, അനിൽകുമാറിന് ഇനി ഫയലുകൾ നൽകരുത് എന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. അനിൽകുമാർ ഒപ്പിട്ട് ഫയലുകൾ നൽകിയാൽ അതിൽ മേൽ നടപടികൾ പാടില്ല. ഇത് ലംഘിച്ച് ഫയലുകളിൽ എന്തെങ്കിലും നടപടിയെടുത്താൽ അതിനെ ഗൗരവമായി കാണുമെന്ന ഭീഷണി സ്വരവും വി സി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
എന്നാൽ വി സിയുടെ നിർദേശം ഇ ഫയലിംഗ് പ്രൊവൈഡർമാർ അംഗീകരിച്ചിട്ടില്ല. ഡിജിറ്റൽ ഫയലിംഗ് പൂർണമായും തന്റെ നിയന്ത്രണത്തിൽ വേണമെന്ന വി സിയുടെ ആവശ്യവും നിരാകരിച്ചു. അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫീസർമാരെ പിൻവലിക്കണം എന്ന നിർദേശത്തോട് സർവീസ് പ്രൊവൈഡർമാർ വിസമ്മതം രേഖപ്പെടുത്തി. സൂപ്പർ അഡ്മിൻ ആക്സസ് വി സിക്ക് മാത്രം ആക്കണമെന്ന ആവശ്യവും തള്ളി. തങ്ങൾ കരാർ ഒപ്പിട്ടിരിക്കുന്നത് കെൽട്രോണും ആയിട്ടാണെന്നും അതിനാൽ അവരുടെ അനുമതി ഇതിനെല്ലാം വേണമെന്നുമാണ് ടെക്നോപാർക്കിലെ സ്വകാര്യ സർവീസ് കമ്പനി സ്വീകരിച്ചിരിക്കുന്ന നിലപാട്.