വൻ പൊലീസ് സന്നാഹത്തിനു നടുവിൽ വി സി മോഹനൻ കുന്നുമ്മൽ കേരള സർവകലാശാലയിലെത്തി..തടയാതെ എസ് എഫ് ഐ..

കേരളാ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സർവകലാശാലയിലെത്തി. വൻ പൊലീസ് സന്നാഹത്തിനു നടുവിലാണ് വി സി സർവകലാശാലയിലെത്തിയത്. എസ്എഫ്ഐ പ്രതിഷേധത്തെ തുടർന്ന് സർവകലാശാലയിൽ വരാതെ വിട്ടുനിൽക്കുകയായിരുന്നു വി സി. വി സി വന്നാൽ തടയുമെന്ന് നേരത്തെ എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് പ്രതിഷേധമൊന്നും ഉണ്ടായില്ല. വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഒപ്പിടാൻ വന്ന വി സിയെ തടയേണ്ടതില്ലെന്നും ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കണമെന്നുമാണ് വിഷയത്തിൽ എസ്എഫ്ഐ സ്വീകരിച്ചിരിക്കുന്ന നിലപാട്.

വലിയ ഭരണപ്രതിസന്ധി സർവകലാശാലയിലുണ്ടായിരുന്നു. ജീവന് ഭീഷണിയുളളതിനാൽ സർവകലാശാലയിലേക്ക് വരാൻ കഴിയുന്നില്ലെന്നാണ് നേരത്തെ വി സി പറഞ്ഞിരുന്നത്. പിന്നീട് വി സി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. തുടർന്നാണ് തിരുവനന്തപുരത്ത് സർവകലാശാലയിലെത്തിയത്. വി സി സർവകലാശാലയിൽ വരാതെ ഒളിച്ചുകളിക്കുന്നുവെന്നും വിദ്യാർത്ഥികളുടെ സുപ്രധാന സർട്ടിഫിക്കറ്റുകളൊന്നും ഒപ്പിടാതെ വിട്ടുനിൽക്കുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും ആരോപിച്ചാണ് സർവകലാശാലയിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തിയതും വിചാരണാ സദസ് നടത്തിയതും ബാനർ കെട്ടിയതുമെല്ലാം. എന്നാൽ ഇന്ന് വി സി സർവകലാശാലയിലേക്ക് വരുമ്പോൾ ഒരിടത്തുപോലും എസ്എഫ്‌ഐ പ്രതിഷേധമുണ്ടായില്ല.

കഴിഞ്ഞയാഴ്ച്ചയാണ് കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്‌ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ ഇരച്ചുകയറുകയായിരുന്നു. ചാൻസലറായ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ സർവകലാശാലയിൽ പ്രതിഷേധിച്ചത്. നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. വി സിയുടെ ഓഫീസിലേക്ക് കടക്കാനുളള വഴികളെല്ലാം ബലംപ്രയോഗിച്ച് തളളിത്തുറന്ന് പ്രവർത്തകർ ഉളളിലേക്ക് കടക്കുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ എസ്എഫ്‌ഐ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. വി സിയുടെ തുടരെയുള്ള നിർദേശങ്ങളെ തുടർന്ന് നാടകീയ സംഭവങ്ങളാണ് കേരള സർവകലാശാലയിൽ അരങ്ങേറുന്നത്.

Related Articles

Back to top button