ഗൂഗിൾ മാപ്പ് വഴികാട്ടി എത്തിയത് അടച്ച പാലത്തിൽ.. വാഹനം പതിച്ചത് ശക്തമായ ഒഴുക്കുള്ള നദിയിലേക്ക്…
ഗൂഗിൾ മാപ്പ് കാട്ടിയ വഴി വിശ്വസിച്ച് അടച്ച പാലത്തിലൂടെ വാഹനം ഓടിച്ച് പുഴയിലേക്ക് വീണ് നാല് പേർ മരിച്ചു. ഒരു കുട്ടിയെ കാണാതായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഭിൽവാരയിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാനാണ് ബാനസ് നദിയിൽ ഒലിച്ചുപോയത്. ഏകദേശം നാല് മാസത്തോളമായി അടച്ചിട്ടിരുന്ന സോമി-ഉപ്രേദ പാലത്തിലൂടെയാണ് ഡ്രൈവർ വാഹനം ഓടിച്ചത്. നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എല്ലാ വഴികളും അടച്ചിട്ടിരുന്നു. എന്നാൽ, ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ അടഞ്ഞ പാലത്തിലൂടെ വാഹനം മുന്നോട്ടെടുത്തു. പാതിവഴയിൽ വാഹനം പാലത്തിൽ കുടുങ്ങുകയും ശക്തമായ ഒഴുക്കിൽ നദിയിലേക്ക് മറിയുകയുമായിരുന്നു.
വാഹനത്തിലുണ്ടായിരുന്നവർ ജനൽച്ചില്ല് തകർത്ത് വാനിന്റെ മുകളിൽ കയറി രക്ഷപ്പെട്ടു. തുടർന്ന്, ബന്ധുവിനെ വിളിച്ചു വിവരമറിയിക്കുകയും അവർ പോലീസിനെ വിവരം ധരിപ്പിക്കുകയുമായിരുന്നു. സ്റ്റേഷൻ ഇൻചാർജ് രശ്മി ദേവേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. എന്നാൽ, വാഹനത്തിലുണ്ടായിരുന്നവർ മൊബൈൽ ടോർച്ച് ഉപയോഗിച്ച് രക്ഷാപ്രവർത്തന സംഘത്തിന് സൂചന നൽകി. പൊലീസും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ അഞ്ച് പേരെ രക്ഷിക്കാൻ സാധിച്ചു. എന്നാൽ, രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കാണാതാവുകയായിരുന്നു. പിന്നീട് നാല് പേർ മരിച്ചെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഒരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ചന്ദ (21), മകൾ റുത്വി (6), മമത (25), മകൾ ഖുഷി (4) എന്നിവരാണ് മരിച്ചത്.
അതേസമയം, ജലോറിൽ പുഴയിൽ ഒലിച്ചുപോയ ആറ് യുവാക്കളിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ജലോർ ജില്ലയിൽ സുക്ടി നദിയിൽപ്പെട്ട് ആറ് യുവാക്കളെ കാണാതായി. മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടരുകയുമാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. വാഹനം നദിക്കരയിൽ നിന്ന് കണ്ടെത്തി. യുവാക്കളുടെ വസ്ത്രങ്ങളും മറ്റ് സ്വകാര്യ വസ്തുക്കളും നദിക്ക് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.