ഗുരുവായൂർ ക്ഷേത്രത്തില്‍ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ല…ആനക്കൊമ്പ് ഉൾപ്പെടെ….

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന് സംശയം. ആനക്കൊമ്പ്, സ്വർണം, വെള്ളി, കുങ്കുമപ്പൂവ്, എന്നിവയുടെ കണക്കുകളാണ് ഇല്ലാത്തത്. ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച അനാസ്ഥ എണ്ണിപ്പറയുന്നത്.
ഗുരുവായൂർ ദേവസ്വത്തിൽ നടവരവായും ഭണ്ഡാരം കൗണ്ടിങ്ങിലൂടെയും ലഭിക്കുന്ന സ്വർണം, വെള്ളി ഉൾപ്പടെയുള്ള വിലപിടിപ്പുള്ളവയുടെ അക്കൗണ്ടിംഗ്, സൂക്ഷിപ്പ് എന്നിവയുടെ പൂർണ ഉത്തരവാദിത്തം ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കാണ്. എന്നാൽ വിലപിടിപ്പുള്ള വസ്തുക്കളുടെ സമഗ്രമായ ഭൗതിക പരിശോധന നടന്നിട്ടില്ല എന്നതാണ് വസ്തുതയെന്ന് റിപ്പോർട്ടിൽ പറയുന്നു.
15 ലക്ഷം വില വരുന്ന വഴിപാടിന് പോലും രസീത് നൽകുന്നില്ല. ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്റർ പോലുമില്ല. കൊമ്പ് വനം വകുപ്പിന് നൽകുന്നകാര്യത്തിൽ വീഴ്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആനയുടെ കൊമ്പ് മുറിച്ചെടുക്കുന്നതിന് ചെലവായ തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുറിച്ചെടുത്ത കൊമ്പുകളുടെ കണക്കുകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.


