മിനിമോൾ’ അമ്മയാകാൻ പോകുന്നു! ഈ ‘വളകാപ്പ്’ വേറെ ലെവൽ…

മനുഷ്യർക്ക് മൃഗങ്ങളോടുള്ള സ്നേഹവും അനുഭാവവും ഈയടുത്ത കാലത്തായി അതിരുകൾ കടന്നു പോവുകയാണ്. അതിനു തെളിവായി സമൂഹ മാധ്യമങ്ങളിൽ പല വിഡിയോകളും നാം കണ്ടിട്ടുണ്ട്. ഗർഭിണിയായ സ്ത്രീകൾക്കായി നടത്തുന്ന വളകാപ്പ് ചടങ്ങ്, ഒരു യുവാവ് തന്റെ പ്രിയനായയ്ക്കായി ഒരുക്കിയിരിക്കുകയാണ്. ഇന്റർനെറ്റിൽ ഇപ്പോൾ വൈറലായ ഈ ചടങ്ങ്, മൃഗസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായി മാറിയിരിക്കുകയാണ്.
മിനിയേച്ചർ പിൻചർ ഇനത്തിൽപ്പെട്ട ‘മിനിമോൾ’ എന്ന നായയ്ക്കാണ് വളകാപ്പ് നടത്തിയത്. വാഴയിലയിൽ ‘വളകാപ്പ്’ എന്ന് ചന്ദനത്തിൽ എഴുതി, ചെണ്ടുമല്ലി പൂക്കൾ കൊണ്ട് വേദി അലങ്കരിക്കപ്പെട്ടു. മിനിമോളിന് പുതിയ ഗൗൺ, കഴുത്തിൽ മൂന്ന് മാലകൾ, തലയിൽ പൂക്കൾ, നെറ്റിയിൽ ചുട്ടി എല്ലാം ഒരുക്കിയിരുന്നു. മധുരപലഹാരങ്ങളുമായി ദീപാരാധനയും പൂജയും നടത്തി. ഈ അതുല്യമായ ചടങ്ങിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി
മിനിമോൾ ഉൾപ്പെടുന്ന മിനിയേച്ചർ പിൻചർ (മിൻ പിൻ) ഇനത്തിന്റെ ജന്മസ്ഥലം ജർമനിയാണ്. ഇവയെ ചിലപ്പോൾ ജർമൻ പിൻചർ എന്നും, കോംപാക്ട് ഡോബ് എന്നും വിളിക്കുന്നു. ഡോബർമാനുമായി രൂപസാമ്യം ഉള്ളതിനാൽ ആ പേര് ലഭിച്ചെങ്കിലും, ഡോബർമാനുമായി യാതൊരു ബന്ധവുമില്ല.



