ആലപ്പുഴയിൽ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ കൊടും കുറ്റവാളി വടിവാൾ വിനീത് ഒടുവിൽ…
അമ്പലപ്പുഴ: നിരവധി കേസുകളിലെ പ്രതിയും കൊടും കുറ്റവാളിയുമായ വടിവാൾ വിനീത് എന്നറിയപ്പെടുന്ന വിനീത് അറസ്റ്റിൽ. അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടൻ്റ് കെ.എൻ .രാജേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളാണ് വടിവാൾ വിനീതിനെ അതിസാഹസികമായി ആലുവാ ബസ് സ്റ്റാൻറിന് അടുത്ത് നിന്ന് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 25 നായിരുന്നു വടിവാൾ വിനീത് പൊലീസിൻറെ കയ്യിൽ നിന്നും രക്ഷപെട്ടത്. കഴിഞ്ഞ മാർച്ച് 13 ന് വടക്കാഞ്ചേരിയിൽ നിന്നും മോഷ്ടിച്ച പൾസർ ബൈക്കുമായി അമ്പലപ്പുഴയിൽ എത്തിയ വടിവാൾ വിനീതും, കൂട്ടാളിയായ രാഹുൽ രാജിനെയും അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എം.പ്രതീഷ്കുമാർ ൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
തുടർന്ന് വിനീതിനെയും കൂട്ടാളിയായ രാഹുൽ രാജിനെയും മാർച്ച് 25 ന് വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സമയം രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ വടക്കു നിന്നും തെക്കോട്ട് വന്ന പരശുറാം എക്സ്പ്രസിൻറെ മുന്നിലൂടെ ഇരുവരും ചാടി രക്ഷപെടുകയായിരുന്നു. രാഹുൽ രാജിനെ അന്ന് തന്നെ പൊലീസ് പിടി കൂടിയിരുന്നു.
വടക്കാഞ്ചേരിയിൽ നിന്നും രക്ഷപെട്ട വിനീത് അവിടെ നിന്നും മോഷ്ടിച്ച റോയൽ എൻഫീൽഡിൻ്റെ ഹണ്ടർ ബുള്ളറ്റുമായി അമ്പലപ്പുഴയിൽ എത്തുകയും അവിടെ നിന്നും അമ്പലപ്പുഴ പൊലീസിൻറെ മുന്നിൽ നിന്നും തലനാരിഴക്ക് രക്ഷപെടുകയും, പൊലീസ് പിന്തുടരുന്നു എന്നറിഞ്ഞു ഒളിവിൽ പോകുകയുമായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസ് ൻ്റെ കീഴിൽ അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടൻ്റ് കെ.എൻ .രാജേഷിൻ്റെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ ഈ കഴിഞ്ഞ ഈസ്റ്ററിന് എറണാകുളത്ത് നിന്നും കോട്ടയം റൂട്ടിൽ ബുള്ളറ്റിൽ സഞ്ചരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോട്ടയം, പത്തനംതിട്ട സ്ക്വാഡ് അംഗങ്ങൾ വിനീതിനെ പിൻതുടരുകയും, തിരുവല്ലക്കടുത്തുള്ള പെരുംതുരുത്തി ഭാഗത്ത് വെച്ച് ബൈക്ക് ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപെട്ട് ട്രയിനിൽ എറണാകുളം ഭാഗത്തേക്ക് പോയി.
തുടർന്ന് വിനീതിൻ്റെ ബന്ധുക്കളെയും, സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ആലുവാ ബസ് സ്റ്റാൻറിന് സമീപത്ത് വെച്ച് ആലപ്പുഴ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും, ആലുവാ ഡാൻസാഫ് അംഗങ്ങളും കൂടി ചേർന്ന് ബുധനാപ്പ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന പ്രതിയെ വടക്കാഞ്ചേരി പൊലീസിന് കൈമാറും. സബ്ബ് ഇൻസ്പെക്ടർ സജികുമാർ, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ ജലീൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, അഫ്സൽ, വിനിൽ എം.കെ, മിഥുൻ എന്നിവരടങ്ങിയ സ്പെഷ്യൽ ടീം അംഗങ്ങളാണ് വടിവാൾ വിനീതിനെ അതിസാഹസീകമായി പിടി കൂടിയത്.