വാടാനപ്പള്ളി കിറ്റ് വിവാദം… കേസെടുക്കാൻ കോടതിയുടെ പച്ചക്കൊടി… ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ടി.എൻ. പ്രതാപൻ

തൃശ്ശൂർ: വാടാനപ്പള്ളിയിലെ ഭക്ഷ്യകിറ്റ് വിവാദത്തിൽ കേസെടുക്കാൻ പോലീസിന് കോടതിയുടെ അനുമതി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് നിർണ്ണായക അനുമതി നൽകിയത്. കിറ്റുകൾക്ക് ഓർഡർ നൽകിയ ആളെ പ്രതിയാക്കിയാകും കേസ് രജിസ്റ്റർ ചെയ്യുക. ഇതോടെ തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കിറ്റ് വിവാദം പുതിയ തലത്തിലേക്ക് കടന്നു.
കൊച്ചി ആസ്ഥാനമായുള്ള ഒരു പിആർ ഏജൻസിയാണ് കിറ്റ് വിതരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ടി.എൻ. പ്രതാപൻ ആരോപിച്ചു. ഭക്ഷ്യകിറ്റിന് പുറമെ സാരിയും പണവും വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുന്നുണ്ട്. സാരി വിതരണത്തിനായി വിവരങ്ങൾ ശേഖരിക്കാൻ ബിജെപി ഗ്രൂപ്പുകളിൽ വോയിസ് മെസേജുകൾ പ്രചരിക്കുന്നുണ്ട്. ഉത്തരേന്ത്യൻ മോഡൽ അട്ടിമറി ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു വിഭാഗം ഒബ്സർവർമാരും പോലീസും ബിജെപിയെ സഹായിക്കുന്നു. കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായി ചെറുക്കുമെന്നും പ്രതാപൻ മുന്നറിയിപ്പ് നൽകി. തട്ടിപ്പുകൾ പുറത്തുവന്നപ്പോഴുള്ള ജാള്യതയാണ് എൻഡിഎ സ്ഥാനാർത്ഥി അനീഷ് കുമാറിന്റെ വാക്കുകളിലുള്ളത്. മണലൂരിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു.
സതീഷ് എന്നയാളാണ് കിറ്റുകൾക്കായി ഓർഡർ നൽകിയതെന്ന് വാടാനപ്പള്ളിയിലെ ചാമ്പ്യൻസ് ഗോഡൗൺ മാനേജർ സുഭാഷ് പറഞ്ഞു. എന്നാൽ ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയില്ലെന്നും കിറ്റുകൾ തയ്യാറാക്കി തുടങ്ങിയപ്പോഴാണ് പ്രതിഷേധവും പ്രശ്നങ്ങളും ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.



