വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു…ബന്ധു ഉൾപ്പെടെ മൂന്ന് പേർ…..
vadakkancheri-abduction-case
ആമക്കുളം സ്വദേശി നൗഷാദിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് നൗഷാദിനെ തട്ടിക്കൊണ്ടുപോയത്. കൊഴിഞ്ഞാമ്പാറ സ്വദേശികളായ മനോജ്, താജുദീൻ,സബീർ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനായി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വത്ത് തർക്കമാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ നൗഷാദിന്റെ ബന്ധുവാണ്.
ഞായറാഴ്ച രാത്രി 9നു വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തിനു സമീപത്താണ് സംഭവം നടന്നത്. വടക്കഞ്ചേരി ടൗണിൽ പോയി വീട്ടിലേക്കു തിരികെവരികയായിരുന്ന നൗഷാദിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ വടക്കഞ്ചേരി പൊലീസിൽ അറിയിച്ചു. വാഹനത്തിൽ പോകുന്ന സമയത്ത് നൗഷാദിനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദിച്ചു. തുടർന്ന് രാത്രി 11 മണിയോടുകൂടി തമിഴ്നാട് ഭാഗത്ത് നവക്കരയിൽ ഉപേക്ഷിച്ചു. നൗഷാദ് വിളിച്ചുപറഞ്ഞതനുസരിച്ച് വീട്ടുകാരെത്തി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.