റിസോർട്ടിലിരുന്ന് അടിച്ച് പൂസായതോടെ യുവതിയും സംഘവും കടൽ കാണാൻ പുറത്തേക്കിറങ്ങി; ചെറായി ബീച്ചിൽ പിന്നെ നടന്നത് ഇങ്ങനെ..

മദ്യലഹരിയിൽ ബീച്ചിൽ അതിക്രമം നടത്തിയ യുവതിയടക്കം നാലുപേർ അറസ്റ്റിൽ. കൊച്ചി ചെറായി ബീച്ചിലാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ ചേന്ദമംഗലം സ്വദേശി രാഹുൽ ദേവ്, തൃശൂർ മേത്തല സ്വദേശി അജയ്, വടകര സ്വദേശി ഫർസാന, എറണാകുളം വടക്കേക്കര സ്വദേശി സിയ ഷിബു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കടയുടമയുമായുള്ള വാക്ക് തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് യുവതി ഉൾപ്പെടുന്ന നാൽവർ സംഘം ചെറായിലെത്തിയത്. റിസോർട്ടിൽ മുറിയെടുത്ത് മദ്യപിച്ച ശേഷം ഇവർ കടൽ കാണാൻ പുറത്തിറങ്ങി. മദ്യപിച്ച് പരസ്പരം ബഹളം തുടങ്ങിയ നാല് പേരും പിന്നാലെ ബീച്ചിലെത്തി. ഇതിനിടെ, ബീച്ചിലെ കടയുടമയുമായി വാക്കുതർക്കമായി. വാക്കേറ്റത്തിനിടെ സംഘത്തിലെ വടകര സ്വദേശിയായ ഫർസാന എല്ലാ പരിധികളും വിട്ടു. ശകാരവും, അസഭ്യം പറച്ചിലും കസേര വലിച്ചെറിയലുമായി യുവതിയും സംഘവും സംഘർഷം അഴിച്ച് വിട്ടു. അരമണിക്കൂർ സമയം പ്രദേശത്താകെ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കട ഉടമ തന്നെ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ബഹളം. എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് പൊലീസ് കണ്ടെത്തി. മദ്യലഹരിയിലായിരുന്ന സംഘം കടക്കാരനോട് മോശമായി പെരുമാറിയതെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ ലഹരിവസ്തുക്കൾ ഉണ്ടോ എന്ന സംശയത്തിൽ പൊലീസ് ഇവർ താമസിച്ചിരുന്ന റിസോർട്ടിൽ പരിശോധന നടത്തി.എന്നാൽ ഒന്നും കണ്ടെത്തിയില്ലെങ്കിലും ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.

Related Articles

Back to top button